JHL

JHL

കേരളത്തിന് സ്പെഷ്യൽ റെയിൽവേ പാക്കേജ് പ്രഖ്യാപിക്കണം - റസാഖ് പാലേരി

കാസർകോട് : ട്രെയിൻ യാത്രാ ദുരിതം അവസാനിപ്പിക്കാൻ
കേരളത്തിന് വേണ്ടി സ്പെഷ്യൽ റെയിൽവേ പാക്കേജ് പ്രഖ്യാപിക്കണമെന്ന് റസാഖ് പാലേരി ആവിശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന റെയിൽ പ്രക്ഷോഭ യാത്ര പതാക ഏറ്റുവാങ്ങി  സംസാരിക്കുകയായിരുന്നു  അദ്ദേഹം.
 കേരളത്തിലെ സാധാരണക്കാരുടെ അവലംബമായ റെയിൽവെ യാത്ര  കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ സമീപനം കാരണം ദുരിതപൂർണ്ണമായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ട്രെയിൻ യാത്ര സുഗമമാക്കുന്നതിനാവശ്യമായ ആവശ്യങ്ങൾ ഉയർത്തിയാണ്  റസാഖ് പാലേരി കാസർകോട് നിന്ന് പാലക്കാട്ടേക്ക് റെയിൽ പ്രക്ഷോഭ യാത്ര നടത്തുന്നത്. ദക്ഷിണ റെയിൽവെക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന  ആദ്യത്തെ പത്ത് സ്റ്റേഷനുകളിൽ തിരുവനന്തപുരം ,എറണാകുളം, കോഴിക്കോട് എന്നിവ ഉണ്ട്. ഇന്ത്യയിൽ തന്നെ റെയിൽവേയ്ക്ക് വൻതോതിൽ വരുമാനം നൽകുന്ന സംസ്ഥാനം ആയിട്ടും കേരളത്തോട് തികഞ്ഞ അവഗണനയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. യാത്രക്കാരുടെ വർദ്ധനവിനനുസരിച്ച് പുതിയ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാൻ തയ്യാറാകുന്നില്ല. ഇതുകൊണ്ട് എല്ലാ ട്രെയിനുകളും നിറഞ്ഞു കവിഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്.
അശാസ്ത്രീയമായ സമയക്രമവും സിഗ്നൽ സംവിധാനങ്ങൾ ആധുനികവൽകരിക്കാത്തതും കൊണ്ട് ഈ ട്രെയിനുകളിലെ യാത്ര തന്നെ അതീവ പ്രയാസകരമാണ്. മലബാർ മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാണ്. ട്രെയിനുകൾ ആവശ്യത്തിനില്ലാത്തതിനാൽ യാത്രക്കാർ കഷ്ടപ്പെടുകയാണ്. മലബാറിലൂടെ ഓടുന്ന ട്രെയിനുകളിലെ വീർപ്പ് മുട്ടിക്കുന്ന തിരക്കിൽ ശ്വാസംമുട്ടി സ്ത്രീകളും കുട്ടികളുമടക്കുള്ള യാത്രക്കാർ ബോധരഹിതരാകുന്ന സ്ഥിതി ഉണ്ടായി. 72 പേർക്ക് ഇരിക്കാൻ കഴിയുന്ന കോച്ചുകളിൽ 300 ന് മുകളിൽ യാത്രക്കാരാണ് സഞ്ചരിക്കുന്നത്.

കോവിഡ് കാലത്ത് നിർത്തലാക്കിയ പല സർവ്വീസുകളും ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ സമയങ്ങളിൽ സർവ്വീസ് നടത്തിയിരുന്ന ട്രെയിനുകളുടെ  സമയം മാറ്റിയത് ദുരിതം വർദ്ധിപ്പിച്ചിരിക്കുന്നു.
                    വിദ്യാർത്ഥികളും ജോലിക്കാരും രോഗികളുമടങ്ങുന്ന  യാത്രക്കാരുടെ ആശ്രയമാണ് പാസഞ്ചർ ട്രെയിനുകൾ. എന്നാൽ ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകൾ ഈ റൂട്ടുകളിൽ ഇപ്പോഴും ഓടുന്നില്ല. ട്രെയിനുകളിൽ ആവശ്യത്തിനുള്ള കമ്പാർട്ട്മെന്റുകൾ ഇല്ലാത്തതിനാൽ റിസർവ്ഡ് യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.  ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾ എല്ലാ ദിവസവും സർവീസ് നടത്തിയാൽ യാത്രാദുരിതം കുറയ്ക്കാനാകുമെങ്കിലും അതിനും റെയിൽവേ തയ്യാറാകുന്നില്ല. കേരളത്തിൽ റെയിൽ ഗതാഗതം അനുഭവിക്കുന്ന മറ്റൊരു  പ്രധാന പ്രശ്നം ആധുനികമല്ലാത്ത സിഗനൽ സംവിധാനമാണ്. വന്ദേ ഭാരതിനും മറ്റ് ദീർഘദൂര ട്രെയിനുകൾക്കും വേണ്ടി പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നത് പതിവാണ്. കേരളത്തിൽ രണ്ട് റെയിൽവേ ഡിവിഷനുകളാണ് ഉള്ളത്  തിരുവനന്തപുരവും പാലക്കാടും. മലബാറിലെ റെയിൽവേ വികസനം പാലക്കാട് ഡിവിഷൻ കീഴിലാണ് നടക്കുന്നത് എന്നാൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നത്.  ഇത് അനുവദിക്കാൻ പാടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും മുന്നോട്ടു വരണം. കേരളത്തിനുള്ളിൽ ഓടുന്ന എല്ലാ ട്രെയിനുകളുടെയും കോച്ചുകൾ കാലപ്പഴക്കം സംഭവിച്ചതാണ്. യാത്ര ചെയ്യാൻ കഴിയാത്ത വണ്ണം വൃത്തിഹീനമാണ് കോച്ചുകൾ. എന്നാൽ ഈ ട്രെയിനുകൾക്ക് പുതിയ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. ഇത് സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കലാണ്. അടിസ്ഥാന യാത്രാ സൗകര്യങ്ങൾ ഒരുക്കാതെ റെയിൽവേ സ്റ്റേഷനുകളെ മാളുകൾ ആക്കി മാറ്റുവാനാണ് റെയിൽവേ ശ്രമിക്കുന്നത്. കൂടുതൽ ട്രെയിനുകൾ ആരംഭിക്കാനുള്ള പ്ലാറ്റ്ഫോം സൗകര്യങ്ങൾ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പോലും ഉണ്ടാക്കുന്നില്ല. ഇതിനെല്ലാം പരിഹാരമായി
കേരളത്തിന് വേണ്ടി സ്പെഷ്യൽ റെയിൽവേ പാക്കേജ് തയ്യാറാക്കുവാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാവുകയാണ് വേണ്ടതെന്ന് പ്രക്ഷോഭ യാത്ര ആവശ്യപ്പെട്ടു.
പാസഞ്ചർ അസോസിയേഷൻ പ്രസിഡണ്ട്  നിസാർ പെറുവാട് റസാഖ് പാലേരിക്ക് പതാക കൈമാറി പ്രക്ഷോഭയാത്ര  ഉദ്ലാടനനം ചെയ്തു. നാസർ ചെർക്കള, സുരേന്ദ്രൻ കരിപ്പുഴ, ജബീന ഇർഷാദ് ,പ്രേമ ജി പിഷാരടി, മിർസാദ് റഹ്മാൻ, മുഹമ്മദ് വടക്കേക്കര, ടി.കെ അഷ്റഫ്, സി എച്ച് മുത്തലിബ്,റാസിഖ് മഞ്ചേശ്വരം, എ.ജി ജുവൈരിയ തുടങ്ങിയർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
ജില്ലാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹമീദ് കക്കണ്ടം, അമ്പുഞ്ഞി തലക്ലായി, നഹാർ കടവത്ത്, സി എ യൂസുഫ് ,എൻ എം റിയാസ്, ഇസ്മായിൽ മൂസ, സുബൈർ തളങ്കര, ഷെരീഫ് നായന്മാർ മൂല, കെ ടി ബഷീർ, അബ്ദുൽ ഖാദർചട്ടഞ്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി.

കാഞ്ഞങ്ങാട് നൽകിയ സ്വീകരണത്തിൽ റെയിൽവെ പാസഞ്ചേർസ് അസോസിയേഷൻ കാഞ്ഞങ്ങാട് പ്രസിഡണ്ട് ടി. മുഹമ്മദ് അസ്‌ലം , ജില്ലാ ട്രഷറർ
മഹമൂദ് പള്ളിപ്പുഴ,
അബ്ദുറഹ്മാൻ കണ്ണംകുളം, സജീർ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

തൃക്കരിപ്പൂർ നൽകിയ സ്വീകരണത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് മജീദ് നരിക്കോടൻ, മണ്ഡലം പ്രസിഡന്റ് എൻ കെ പി ഹസ്സൻ, മണ്ഡലം സെക്രട്ടറി വി കെ അഫ്സൽ, തൃക്കരിപ്പൂർ ,പടന്ന പഞ്ചായത്ത് ഭാരവാഹികളായ
എവി അഷ്റഫ്, പി കെ അഷ്റഫ്,
സുമേഷ് തൃക്കരിപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.



No comments