JHL

JHL

ഷോർണൂർ - മംഗളൂരു റെയിൽപാത നികത്തൽ; ജോലികൾക്ക് വേഗതയേറും


കാസറഗോഡ്(www.truenewsmalayalam.com) : ഷോർണൂർ -മംഗളൂരു റെയിൽ പാതയിൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേഗതയേറി.

വേഗതയേറിയ ട്രെയിനുകൾക്ക് പുറമെ ചരക്ക് വണ്ടികൾക്ക് അധികഭാരം കൊണ്ടുപോകാനും സജീകരണങ്ങൾ ഒരുക്കുന്ന തിരക്കിലാണ് റെയിൽവേ മന്ത്രാലയം.

 പാലക്കാട് ഡിവിഷൻ പരിധിയിലെ മുഴുവൻ റെയിൽപാതകളിലും വൈദ്യുതീകരണം പൂർത്തിയായപ്പോഴുണ്ടായ നേട്ടം ഇത്തരത്തിൽ ഉപയോഗപ്പെടുത്താനാണ് റെയിൽവേ ഡിവിഷന്റെ നീക്കം. ഇതിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഗ്രീൻ സിഗ്നലുമുണ്ട്.

 റെയിൽ പാതയിലൂടെ കൂടുതൽ ചരക്ക് ഗതാഗതത്തിന് വാതിൽ തുറന്നിടുകയാണ് റെയിൽവേ മന്ത്രാലയം. ഈ സാമ്പത്തിക വർഷം തന്നെ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം പാലക്കാട് ഡിവിഷനിൽ മാത്രം 218 കോടി രൂപയാണ് ചരക്കുമാർഗം റെയിൽവേയ്ക്ക് ലഭിച്ചത്.

ഇത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം. ഇതിനാണ് വളവ് നികത്തൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ വേഗത കൂടിയിരിക്കുന്നത്.

 ചരക്ക് തീവണ്ടികൾക്ക് അധികഭാരം കൊണ്ടുപോകാൻ കഴിയുന്നത് ഭാവിയിൽ വ്യാപാര മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.റെയിൽവേയ്ക്കും ഇതുവഴി അധിക വരുമാനം ഉണ്ടാക്കാനാവും.

 യാത്രക്കാരുമായി പോകുന്ന ട്രെയിനുകളുടെ വേഗത110ൽ നിന്ന് 130 വരെയായി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പാലക്കാട് -മംഗളൂരു റെയിൽപാതയിലെ 250 വളവുകൾ നികത്താൻ  ഇപ്പോൾ അടിയന്തിരമായി നടപടി സ്വീകരിച്ചിരിക്കുന്നത്.

 ഇതിനായുള്ള ഫണ്ട് കേന്ദ്രസർക്കാർ നേരത്തെ തന്നെ നീക്കി വെച്ചിട്ടുമുണ്ട്. ആദ്യഘട്ടം എന്ന നിലയിൽ കണ്ണൂർ- മംഗളൂരു വളവ് നികത്തുന്ന ജോലികൾ ഉടൻ ആരംഭിക്കുമെ ന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. പിന്നീട് വേഗത 160 ആയി വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


No comments