പൊസോട്ട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്കെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതം; ജമാഅത്ത് കമ്മിറ്റി
മഞ്ചേശ്വരം(www.truenewsmalayalam.com) : കഴിഞ്ഞ കുറച്ചു കാലമായി പൊസോട്ട് ജമാഅത്തിൻ്റെ സൽപ്പേര് കളങ്കപ്പെടുത്തുന്ന തരത്തിൽ ചില ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നതായും, ഇത്തരക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2018 മുതൽ ആർ.കെ അബ്ദുല്ല ബാവഹാജി പ്രസിഡൻ്റ്, ഉസ്മാൻ ഹാജി ജന.സെക്രട്ടറി, കെ.ടി അബ്ദുല്ല ഹാജി ട്രഷറർ എന്നിവരടങ്ങുന്ന ഭാരവാഹികളടക്കം 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നല്ല നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
കൊവിഡ് പ്രതിസന്ധി കാരണം 2020ൽ ജനറൽ ബോഡി യോഗം ചേരാൻ സാധിച്ചില്ല.
കൊവിഡ് കാലത്തെ ആൾക്കൂട്ട നിയന്ത്രണം, വിശാലമായ യോഗങ്ങൾ ചേരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് നാട്ടുകാരെ അറിയിച്ചിരുന്നു.
ഇതിനിടെയിൽ വരവ് ചിലവു കണക്കുകളും മറ്റും കൃത്യ സമയങ്ങളിൽ ജമാഅത്ത് കമ്മിറ്റി യോഗം ചേർന്ന് ജമാഅത്തിൽ അവതരിപ്പിച്ച് വഖഫ് ബോർഡിൽ അറിയിച്ചിരുന്നു.
പിന്നീട് 2022ൽ ജനറൽ ബോഡി ചേരാനുള്ള നടപടിക്രമങ്ങളുമായി കമ്മിറ്റി മുന്നോട്ട് പോയി, വരാനിരിക്കുന്ന ഉറൂസ്, മഖാം നവീകരണ പ്രവൃത്തി, കോളജ് കെട്ടിട നിർമാണം ഇവയെല്ലാം പുരോഗമിക്കുന്നതിനാൽ ഇത് പൂർത്തീകരിച്ച് ജനറൽ ബോഡി ചേർന്നാൽ മതിയെന്ന പൊതു അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിലാണ് 2023 മെയ് 26ന് ജനറൽ ബോഡി നിശ്ചയിക്കുന്നത്.
ഇതേ തുടർന്ന് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നൽകിയ കണക്കും റിപ്പോർട്ടും കീഴ് വഴക്കംഅനുസരിച്ച് ജനറൽ ബോഡിക്ക് ഒരാഴ്ച മുമ്പ് മെയ് 19ന് ജമാഅത്തിൽ അവതരിപ്പിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തുകയുണ്ടായി.
മെയ് 26 ന് ചേർന്ന ജനറൽ ബോഡിയിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.
പ്രസിൻ്റായി ആർ.കെ അബ്ദുല്ല ബാവഹാജിയെ ഏകകണ്േഠനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജന.സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നു പേരുകൾ ഉയർന്നു വന്നതോടെ മറ്റുഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല.
പിന്നീട് മറ്റൊരു ദിവസം യോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാമെന്ന തീരുമാനത്തിൽ യോഗം പിരിയുകയായിരുന്നു.
വീണ്ടും രണ്ട് ദിവസത്തിനകം 29 ന് വൈകിട്ട് 7ന് മദ്റസ ഹാളിൽ ചേർന്ന യോഗത്തിലേക്ക് കമ്മിറ്റി അംഗങ്ങളല്ലാത്ത നാലുപേർ വന്ന് യോഗം തടസപ്പെടുത്തുന്ന സ്ഥിതിയുണ്ടായി.ഇത് ഒച്ചപ്പാടിന് ഇടയാക്കുകയും പരിസരത്തുണ്ടായിരുന്ന പൊലീസ് എത്തി, പ്രശ്നക്കാരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു.
തുടർന്ന് 24 അംഗങ്ങളുടെ പിന്തുണയോടെ കെ.കെ മൊയ്തീൻ കുഞ്ഞി ഹാജിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
തുടർന്നുള്ള വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം സെക്രട്ടറി കമ്മിറ്റി വായിച്ചു കേൾപ്പിക്കുകയും നാട്ടുകാരും ജമാഅത്തും പൂർണ അംഗീകാരം നൽകുകയും ചെയ്തു.
ഭാരവാഹി പട്ടികയും കണക്കും വഖഫ് ബോർഡിൽ സമർപ്പിച്ചു. തുടർനടപടികൾക്കിടെ വഖഫ് ബോർഡ് രജിസ്ട്രാർക്ക് നാല് പേർ പരാതി നൽകിയതോടെ, നിയമക്കുരുക്കിലായാത്.
തുടർന്നാണ് മുത്തവല്ലിയെ നിയമിച്ചത്.
സാമ്പത്തിക ആരോപണം ഉന്നയിച്ച് ചില പത്രങ്ങളിലും യൂട്യൂബ് ചാനലുകളിലും മറ്റും പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്.
ഇത്തരം വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും.
കോടികൾ പിരിച്ചെടുത്ത് പണം തിരിമറി നടത്തിയെന്നാണ് പരാതിക്കാർ പറയുന്നത്.
എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജറാക്കണം. എന്നാൽ ഒരു മേശക്ക് ചുറ്റുമിരുന്ന് പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്. അതിന് അവർ തയ്യാറുണ്ടോ?
3.20 കോടി പിരിച്ചെടുത്തു എന്നത് എവിടെ നിന്നും കിട്ടിയ വിവരമാണ്. ബോംബൈ ജമാഅത്ത് സ്വത്ത് രണ്ട് കോടി രൂപയ്ക്ക് വിറ്റുവെന്നാണ് അവർ പറയുന്നത്. 90 ലക്ഷം രൂപയ്ക്കാണ് അത് വിറ്റത്.
തെരഞ്ഞെടുപ്പ് നടത്തി സുതാര്യമായ രീതിയിൽ കമ്മിറ്റി തെരഞ്ഞെടുക്കുന്നതിനെ ഇവർ ഭയപ്പെടുന്നു.
കേവലം ഒരു സെക്രട്ടറി തെരഞ്ഞെടുപ്പിലെ അതൃപ്ത്തിയാണ് ഇത്തരത്തിൽ ജമാഅത്തിനെ മൊത്തം അപകീർത്തിപ്പെടുത്തുന്നതിനു പിന്നിൽ.
കാലങ്ങളായി ഇവർ ജമാഅത്തിൻ്റെ വികസനത്തിനും നന്മക്കും വിഘാതം നിൽക്കുകയാണ്.
സമാധനത്തിലും ഐക്യത്തിലും നിലനിന്നുപോകുന്ന നാട്ടിൽ മന: പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് കലക്കു വെള്ളത്തിൽ മീൻ പിടിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഇത്തരം ദുഷ്ടശക്കികളെ വിദൂരമല്ലാത്ത ഭാവിയിൽ നാട് ഒറ്റപ്പെടുപ്പെടുത്തുമെന്നും വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ ജമാ അത്ത് പ്രസിഡൻ്റ് എം.എ അബ്ദുല്ല ഹാജി, ജന.സെക്രട്ടറി കെ.കെ മൊയ്തീൻ കുഞ്ഞി ഹാജി, വൈസ് പ്രസിഡൻ്റ് എം.പി ഹനീഫ് ഹാജി, ജമാ അത്ത് കമ്മിറ്റി അംഗങ്ങളായ കെ. ഉസ്മാൻ ഹാജി, ഇബ്രാഹീം ബൂട്ടോ, ഖാലിദ് ദുർഗിപ്പള്ള എന്നിവർ സംബന്ധിച്ചു.
Post a Comment