JHL

JHL

കര്‍ണാടകയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നതിനായി ഇനി മുതല്‍ പാസ് വേണ്ട ; ആന്റിജൻ ടെസ്റ്റ് മാത്രം മതി

കാസര്‍കോട്(True News 26 August 2020): ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നതിനായി ഇനി മുതല്‍ റെഗുലര്‍ പാസ് ആവശ്യമില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാതല കോറോണ കോര്‍ കമ്മിറ്റി വിഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ അറിയിച്ചു. ദിവസേന യാത്ര ചെയ്യുന്നതിനായി റെഗുലര്‍ പാസ് അനുവദിച്ചിരുന്ന നടപടി പിന്‍വലിച്ചതായി കലക്ടര്‍ പറഞ്ഞു. എന്നാല്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മാത്രം മതിയാകും. തലപ്പാടി ചെക് പോസ്റ്റില്‍ ഇതിനാവശ്യമായ പരിശോധന നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംവിധാനം ഒരുക്കും. എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ഗൂഗില്‍ സ്‌പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തി സൂക്ഷിക്കും. .
നിലവില്‍ യാത്ര അനുവദിച്ചിട്ടുള്ള ദേശീയപാത 66 കൂടാതെ (തലപ്പാടി ചെക് പോസ്റ്റ്) പാണത്തൂര്‍, മാണിമൂല, പെര്‍ള, ജാല്‍സൂര്‍ എന്നീ പ്രധാന റോഡുകളിലൂടെയും ദക്ഷിണ കന്നട ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതായി കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഈ റോഡുകളിലൂടെ കടന്നു വരുന്നവരും ആന്റിജന്‍ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം കോവിഡ്-19ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തണം.
പാണത്തൂര്‍, മാണിമൂല, പെര്‍ള, ജാല്‍സൂര്‍ എന്നീ നാല് റോഡുകള്‍ കടന്നു പോകുന്നതും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നതുമായ ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ഈ ചെക് പോസ്റ്റുകളില്‍ ആവശ്യമായ ജീവനക്കാരെയും മെഡിക്കല്‍ പരിശോധന നടത്തുന്നതിന് ഉള്‍പ്പെടെയുള്ള സംവിധാനവും ബന്ധപ്പെട്ട പഞ്ചായത്ത് ഒരുക്കണം. ആവശ്യമായ പരിശീലനം, മറ്റ് സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ഇവര്‍ ബന്ധപ്പെടുക.
പാണത്തൂര്‍, മാണിമൂല, പെര്‍ള, ജാല്‍സൂര്‍ റോഡുകളിലൂടെ അതിര്‍ത്തി ഗ്രാമപഞ്ചായത്തിലേക്ക് മാത്രമായി കര്‍ണാടകയില്‍ നിന്ന് കടന്നു വരുന്നവരെ രജിസ്‌ട്രേഷന്‍ കൂടാതെ പ്രവേശിപ്പിക്കാം. എന്നാല്‍, ആ വ്യക്തി ആ ഗ്രാമപഞ്ചായത്തിന്റെ പരിധി വിട്ട് മറ്റൊരു ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ ചുമതലയായിരിക്കുമെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു
സര്‍ക്കാരില്‍ നിന്നുള്ള പുതിയ നിര്‍ദേശ പ്രകാരം ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ രണ്ടുവരെ കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 9 വരെ പ്രവര്‍ത്തിപ്പിക്കാം.
ഓണാഘോഷ സമയത്ത് ആവശ്യമായ നിയന്ത്രണങ്ങള്‍ക്കായി അവബോധമുണ്ടാക്കുന്നതിന് വളരെ നന്നായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത ഐ.ഇ.സി ടീമിനെ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. ഓണം ഷോപ്പിംഗിനായി കുടുംബ സമേതം ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് എല്ലാ ഓഫീസര്‍മാരും നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു, ഇതിന്റെ ലംഘനം കണ്ടെത്തിയാല്‍ മാഷ് പദ്ധതിയുടെ മൊബൈല്‍ നമ്പരിലേക്ക് (8590684023) വിവരങ്ങള്‍ അറിയിക്കണം.
കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി തുടങ്ങിയ തൊഴിലധിഷ്ടിത പരിശീലന കേന്ദ്രങ്ങള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട്, ശാരീരിക അകലം നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാണെങ്കില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് യോഗം തീരുമാനിച്ചു. മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകളിലെ ലേണേഴ്‌സ് ലൈസന്‍സിനുള്ള ക്ലാസുകളും ഇപ്രകാരം നടത്താം. ഡ്രൈവിംഗ് സ്‌കൂളുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ആര്‍.ടി.ഒ പരിശോധിക്കേണ്ടതും, ലംഘനം കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക്ക്, ഐ.ടി.ഐ അധ്യാപകരെ നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാകലക്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപൊലീസ് മേധാവി ഡി ശില്പ, സബ്കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡി.എം.ഒ ഡോ. എ.വി രാംദാസ്, എ.ഡി.എം എന്‍. ദേവീദാസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments