JHL

JHL

ഭരണഘടനാ മൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന് നിലനില്‍പില്ല: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍


കാസറഗോഡ്:(True News, Aug 15,2020): പൗരാണിക കാലം മുതലുളള ഈ നാടിന്റെ ചിന്താശേഷിയും കര്‍മശേഷിയും ധര്‍മ്മബോധവും ഉള്‍ചേരുന്നതാണ് ലോകത്തിന് തന്നെ മാത്യകയായ ഇന്ത്യന്‍ ഭരണഘടനയെന്നും ഭരണഘടനാമൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഇന്ത്യന്‍ റിപ്പബ്ലിക്കിന് നിലനില്‍പ്പില്ലെന്നും റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തെ ശാശ്വതമാക്കിയത് ദേശീയ ബോധത്തിന്റെ അടിസ്ഥാനത്തിലും നമ്മുടെ ഭരണഘടനയുടെ കരുത്തിലും നാം സൃഷ്ടിച്ച സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലൂടെയാണ്. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്ന ഈ ദേശത്തെ വ്യക്തമായ ജനാധിപത്യ മതേതരമൂല്യങ്ങളില്‍ അധിഷ്ഠിതമായ കരുത്തുറ്റ ഒരു രാഷ്ട്രമാക്കി നില നിര്‍ത്തുന്നത് ബൃഹത്തായ നമ്മുടെ ഭരണഘടനയാണ്. ജീവന്‍ നല്‍കിയും ഭരണഘടനയ സംരക്ഷിക്കേണ്ടത് യാഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ പ്രഥമ കടമയാണ്. 25 ഭാഗങ്ങളും 12 ഷെഡ്യൂളുകളും 400 ല്‍ അധികം ആര്‍ട്ടിക്കിളുകളും ചേര്‍ന്ന ഭരണഘടന രാജ്യത്ത ഏറ്റവും ചെറിയ വിഭാഗത്തിന്റെ അവകാശങ്ങളെപ്പോലും അഭിസംബോധന ചെയ്യുന്നുണ്ട്. 
ഇന്ത്യയില്‍ 22 ഔദ്യോഗിക ഭാഷകള്‍ ഉള്ളപ്പോള്‍ തന്ന 1652 മാതൃഭാഷകള്‍ ഉണ്ട്. ലോകത്തെ എല്ലാ പ്രധാന മതങ്ങളും ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. 3000ല്‍ അധികം ജാതികളും 25000ലധികം ഉപജാതികളും ഇവിടെയുണ്ട്. നരവംശ ശാസ്ത്രപരമായ മിക്ക വിഭാഗങ്ങളെയും ഇവിടെക്കാണാം. മഞ്ഞുമലകളും സമുദ്രതീരങ്ങളും മഴക്കാടുകളും മരുഭൂമികളും മഹാനദികളും തടാകങ്ങളും നിറഞ്ഞ ഈ ഭൂപ്രദേശത്തിന്റെ മനോഹാരിത പോലെതന്നെയാണ് വിവിധ സാംസ്‌കാരിക പൈതൃകങ്ങള്‍ സാഭിമാനം പേറുന്ന വ്യത്യസ്ത ജനവിഭാഗങ്ങള്‍ കൈകോര്‍ത്തു നില്‍ക്കുന്ന ഈ ജനതയുടെ സൗന്ദര്യവും. കലാപങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും കരിനിഴലിനെ സാഹോദര്യത്തിന്റെ സൂര്യശോഭ കൊണ്ട് ഇന്ത്യക്കാര്‍ മായ്ച്ചുകളഞ്ഞു. 
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19. ലോകമാകെ രണ്ട് കോടിയിലധികം പേര്‍ രോഗികളായി. ഏഴര ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. രാജ്യമൊന്നാകെ ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ്. കേരളമാകട്ടെ കോവിഡ് മഹാമാരിക്ക് പുറമെ ഇപ്പോള്‍ പ്രളയത്തിന്റെ തീക്ഷ്ണത കൂടി അനുഭവിക്കുകയാണ്. മൂന്നാര്‍ പെട്ടിമുടിയിലെ പ്രകൃതിക്ഷോഭത്തില്‍ നിരവധി വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. കരിപ്പൂര്‍ വിമാനാപകടത്തിലും നിരവധി സഹാദരങ്ങള നഷ്ടപ്പെട്ടു. ഇവിടെയൊക്കെ ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ കരുത്തില്‍ ആഘാതത്തെ കുറച്ചെങ്കിലും ലഘൂകരിക്കാന്‍ നമുക്ക് കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെ നമ്മുടെ ഐക്യം മറ്റ് സമയങ്ങളിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും കൂടി തീവ്രമായി വ്യാപിപ്പിച്ചാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ലോകത്തെ നയിക്കുന്ന രാജ്യമായി മാറും. അധാര്‍മികവും കൃത്രിമവും യുക്തിരഹിതവും മനുഷ്യത്വരഹിതവുമായ എല്ലാ ഭിന്നതകളേയും ജനമനസില്‍ നിന്ന് ഒറ്റക്കെട്ടായി നമുക്ക് പുറത്താക്കാം. പരസ്പരം സ്‌നേഹിക്കുന്നതിലും സഹായിക്കുന്നതിലും തീവ്രത കാട്ടിയാല്‍ നമ്മുടെ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാകുമെന്നും മന്ത്രി പറഞ്ഞു.

No comments