JHL

JHL

സ്വർണക്കച്ചവടത്തിൽ നിക്ഷേപിച്ച മുപ്പതു ലക്ഷം രൂപ തിരിച്ചു നൽകിയില്ല. മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്.കേസ് രാഷ്ട്രീയപ്പേരിതമെന്നും മൂന്ന് മാസത്തിനകം പണം തിരിച്ചു നല്കാൻ ധാരണയായതായും ഖമറുദ്ദീൻ


ചെറുവത്തൂർ(True News, Aug 29,2020): സ്വർണക്കച്ചവടത്തിൽ നിക്ഷേപിച്ച മുപ്പതു ലക്ഷം രൂപ തിരിച്ചു നൽകിയില്ല. എം സി ഖമറുദ്ദീനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. കേസ് രാഷ്ട്രീയപ്പേരിതമെന്നും മൂന്ന് മാസത്തിനകം പണം തിരിച്ചു നല്കാൻ ധാരണയായതായും ഖമറുദ്ദീൻ [പറഞ്ഞു. 
ഫാഷൻ ഗോൾഡ് ജൂവലറി ചെയർമാൻ കൂടിയായ എം.സി. ഖമറുദ്ദീൻ എം.എൽ.എ., മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരയാണ് വഞ്ചനാകുറ്റത്തിന് ചന്തേര പോലീസ് കേസെടുത്തത്  കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, വെള്ളൂർ സ്വദേശിനികളായ ഇ.കെ. ആരിഫ, എം.ടി.പി. സുഹറ എന്നിവരുടെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്. തിരച്ചുതരാമെന്ന വ്യവസ്ഥയിൽ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് ഇവർക്കെതിരായ പരാതി. 30 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയും ആവശ്യപ്പെട്ടപ്പോൾ തിരിച്ചുതന്നില്ലെന്ന് അബ്ദുൾ ഷുക്കൂറിന്റെ പരാതിയിൽ പറയുന്നു. ആരിഫയും സുഹറയും ചന്തേര സ്റ്റേഷനിലെത്തി ഇൻസ്‌പെക്ടർ പി. നാരയണന് നേരിട്ട് മൊഴി നൽകി. ഇതിൽ സുഹറയിൽനിന്ന് 15 പവനും ഒരുലക്ഷം രൂപയും ആരിഫയിൽനിന്ന് മൂന്നുലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഇവരുടെ പരാതിയിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 
 ഫാഷൻ ഗോൾഡ് ജൂവലറി ഒട്ടേറെ നിക്ഷേപകരുള്ള ലിമിറ്റഡ് കമ്പനിയാണ്. നിക്ഷേപകർക്ക് ലാഭവിഹിതം കൊടുത്തിരുന്നു. നഷ്ടത്തിലായതിനാൽ സ്ഥാപനം അടച്ചു. നിക്ഷേപിച്ച തുക തിരിച്ചുനൽകാൻ കർമസമിതിയുമായി ചർച്ച നടത്തി. മൂന്നുമാസത്തിനകം പരിഹരിക്കാമെന്ന് ധാരണയായതാണ്. കേസ് രാഷ്ട്രീയപ്രേരിതമാണ്- എം.സി. ഖമറുദ്ദീൻ എം.എൽ.എ. പറഞ്ഞു. ജൂവലറി, കമ്പനിനിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കോടതി മുഖാന്തരമാണ് കേസെടുക്കേണ്ടത്. പോലീസിന് കേസെടുക്കാനുള്ള അധികാരമില്ല- അദ്ദേഹം പറഞ്ഞു. 

No comments