JHL

JHL

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു



ന്യൂഡൽഹി(True News, Sept 2020):മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു.ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍  കഴിയുകയായിരുന്ന  ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതലാണ് തീരെ വഷളായത്. കഴിഞ്ഞ കുറെ നാളുകളായി പ്രണബ് മുഖര്‍ജി കോമയില്‍ വെന്റിലേറ്ററിലാണ്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.
ഇന്ത്യയുടെ  പതിമൂന്നാമത് രാഷ്ട്രപതിയാണ്  പ്രണബ് കുമാർ മുഖർജി   1935  ഡിസംബറിൽ പശ്ചിമ ബംഗാളിലെ മിരാതിയിൽ  ജനിച്ചു.  കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശ കാര്യമന്ത്രിയായിരുന്നു.. പശ്ചിമബംഗാളിലെ ജംഗിപ്പൂർ മണ്ഡലത്തിൽ നിന്നാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.  2019ൽ ഭാരതത്തിൻെ്‌റ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു
മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ്  പ്രണബ് മുഖർജിയെ രാജ്യസഭാ  സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു പ്രണബ് മുഖർജി. ആ വിശ്വാസം 1973 ൽ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.
പിന്നീട് ഇന്ദിരക്ക് ശേഷം രാജീവ് ഗാന്ധി അധികാരത്തിലെത്തിയപ്പോൾ    പ്രണബ് നേതൃത്വത്തിൽ നിന്നും തഴയപ്പെട്ടു. രാഷ്ട്രീയ സമാജ്വാദി കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. എന്നാൽ 1989 ൽ രാജീവ് ഗാന്ധിയുമായി ഒത്തു തീർപ്പിലെത്തി, ഈ സംഘടന കോൺഗ്രസ്സിൽ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷൻ  ഉപാദ്ധ്യക്ഷനായി നിയമിച്ചു. പിന്നീട് 1995 ൽ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു. സോണിയ ഗാന്ധി  പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിന്റെ പിന്നിലുള്ള മുഖ്യ സൂത്രധാരൻ പ്രണബ് ആണെന്നു വിശ്വസിക്കപ്പെടുന്നു.
2004 ൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഒന്നാം യു പി എ സഖ്യം അധികാരത്തിലെത്തിയ അന്നു മുതൽ 2012 ൽ പ്രസിഡന്റ് പദവിക്കായി രാജിവെക്കുന്നതുവരെ മൻമോഹൻ  മന്ത്രിസഭയിൽ രണ്ടാമനായിരുന്നു പ്രണബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകൾ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്.  
ഭാര്യ സുവ്രാ മുഖർജി 2015 ൽ മരണപ്പെട്ടു. മക്കൾ ശർമ്മിഷ്ഠ മുഖർജി അഭിജിത് മുഖർജി ഇന്ദ്രജിത് മുഖർജി.

No comments