JHL

JHL

നായിക്കാപ്പിലെ ഹരീഷ് കൊലപാതകം: ചുരുളഴിയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട രണ്ടു പേർ കൊലപാതക സംഘത്തിലുള്ളവർ


കുമ്പള (True News,Aug 19,2020) : കുമ്പള നായിക്കാപ്പിലെ  ഹരീഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട   പോലീസ് കസ്റ്റഡിയിലെടുത്ത ശാന്തിപ്പള്ള  സ്വദേശിയുടെ അറസ്റ്റ്  രേഖപ്പെടുത്തി.   ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറാണ് ശാന്തിപ്പള്ളം സ്വദേശി ശരത്ത് എന്ന ശ്രീകുമാര്‍. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ്  കരുതുന്നത്.    ഇന്നലെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയ കൃഷ്ണ നഗർ സ്വദേശികളായ രണ്ടു യുവാക്കൾക്കും കൊലപാതകത്തിൽ പങ്കുള്ളതായി പോലീസ് പറയുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും നേരിട്ടുബന്ധമുള്ള ഒരാൾക്ക് വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചതായുമാണ് അറിയുന്നത്. ഇയാൾ പോലീസ് കുസ്റ്റഡിയിലായതായാണ്  അനൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും മനസ്സിലാക്കുന്നത്.  
അറസ്റ്റിലായ പ്രതിയെ പോലീസ് കുമ്പള കഞ്ചിക്കട്ട പുഴയുടെ സമീപം കൊണ്ട് വന്നു തെളിവെടുപ്പ് നടത്തി. കൊലപാതകം  നടത്തിയ ശേഷം ഇയാൾ പുഴയിൽ കൈകാലുകൾ ശുചിയാക്കിയെന്നും  കൊല്ലാനുപയോഗിച്ച കത്തി പുഴയിലെറിയുകയും ചെയ്‌തെന്നുമുള്ള  മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഇവിടെ ഇയാൾ വസ്ത്രം മാറുകയും നേരത്ത ധരിച്ചിരുന്ന വസ്ത്രം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ വസ്ത്രങ്ങൾ കണ്ടെടുത്തു. എന്നാൽ കത്തി കണ്ടെത്താനായിട്ടില്ല.
അതേസമയം ആത്മഹത്യ ചെയ്ത നിലയിൽ  കാണപ്പെട്ട  റോഷന്‍റെയും മണികണ്ഠന്‍റെയും മരണത്തിന് ഉത്തരവാദി ശ്രീകുമാറാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പൂഴി വാരൽ ജോലിയുണ്ടെന്നു   പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു. 
തിങ്കളാഴ്‍ച രാത്രിയാണ് ഫ്ലോർ മിൽ ജീവനക്കാരനായ നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് ശ്രീകുമാര്‍ വെട്ടിക്കൊന്നത്.    ഹരീഷി‍ന്‍റെ തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റിരുന്നു.  
ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പ്രതിയുടെ സുഹൃത്തുക്കളായ ശാന്തിപ്പള്ളത്തെ റോഷൻ, മണികണ്ഠൻ എന്നിവരെ സമീപത്തെ കാട്ടിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  
  സാദ്ധ്യതകൾ ഒന്നും തള്ളിക്കളയാതെ പഴുതടച്ച അന്വേഷണം നടത്തുകയാണ് കുമ്പള പോലീസ്. കാസറഗോഡ് ഡി വൈ എസ്  പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.


No comments