JHL

JHL

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ബഹുനില കെട്ടിടം നിര്‍മിച്ചതില്‍ ക്രമക്കേട്.ഉടമയ്ക്ക് 5,41,000 രൂപ പിഴ ചുമത്തി.ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിജിലന്‍സ്


കാസര്‍കോട്(True News, Aug 28,2020):കാസറഗോഡ് പുതിയ ബസ്സ്റ്റാൻഡിന് സമീപം കെട്ടിടം  പണിയാൻ  അനധികൃതമായി കുന്നിടിച്ച കെട്ടിടയുടമക്ക് അഞ്ചു ലക്ഷം പിഴ. കാസറഗോഡ് വിജിലൻസാണ് ക്രമക്കേട് കണ്ടെത്തി പിഴ ചുമത്തിയത്. ഇതിനു ഒത്താശ ചെയ്ത നഗരസഭാ ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരും.. ഇവിടെ കഴിഞ്ഞ മാസം മഴയെ തുടർന്ന് കുന്നിടിഞ്ഞു വീഴുകയും ആറു വീടുകൾ അപകടാവസ്ഥയിലാകുകയും ചെയ്തിരുന്നു .
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ബഹുനില കെട്ടിട നിര്‍മിച്ചതിലാണ്  ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞത്.. സുരക്ഷാ ഭിത്തി നിര്‍മ്മിച്ചില്ലെന്നും നിര്‍മ്മാണ സ്ഥലത്തെ കുന്നിടിച്ച് 4000 ക്യൂബിക് മീറ്റര്‍ (8000 ടണ്‍) ചെമ്മണ്ണ് കടത്തിയതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. സുരക്ഷാ ഭിത്തി നിര്‍മ്മിക്കാതെ കെട്ടിടം നിര്‍മ്മിച്ചതുമൂലം സമീപത്തെ മൂന്ന് വീടുകള്‍ അപകടാവസ്ഥയിലായെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 5,41,000 രൂപ പിഴ ചുമത്തി. ജിയോളജി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കുന്നിടിച്ചതിന്റെയും മറ്റും തെളിവ് ശേഖരിച്ചതോടെയാണ് 8000 ടണ്ണിലധികം ചെമ്മണ്ണ് കടത്തിയതായി വ്യക്തമായത്. മണ്ണിന്റെ റോയല്‍ട്ടി സര്‍ക്കാരില്‍ അടച്ചിരുന്നില്ലെന്നും ഈ സാഹചര്യത്തില്‍ മണ്ണ് കടത്ത് അനധികൃതമായിരുന്നുവെന്നും വിജിലന്‍സ് പറഞ്ഞു. കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ് .പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്നലെ ഉച്ചയോടെയാണ് കെട്ടിടം പരിശോധിച്ചത്. കെട്ടിട നിര്‍മ്മാണത്തിനായി അനധികൃതമായി കുന്നിടിക്കാന്‍ അനുമതി നല്‍കിയ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് ഡി.വൈ. എസ്.പി പറഞ്ഞു. അടിയന്തിരമായി സുരക്ഷാ ഭിത്തി നിര്‍മ്മിക്കാന്‍ കെട്ടിട ഉടമയ്ക്ക് വിജിലന്‍സ് നിര്‍ദ്ദേശവും നല്‍കി.

No comments