JHL

JHL

കാസറകോട്ട് എക്‌സൈസ് സംഘത്തിനെതിരെ അക്രമം. നാല് പേർക്കെതിരെ കേസെടുത്തു

കാസര്‍കോട്(True News 9-10-2020): കറന്തക്കാട്ട് മദ്യവില്‍പ്പനക്കാരുടെ അക്രമത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ തിരിച്ചറിഞ്ഞ നാലുപേര്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫിന്റെ പരാതിയില്‍ മിഥുന്‍, സുജിത്, വിപിന്‍, രാജു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന സംഘത്തിനുമെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. അക്രമത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിതീഷ് വൈക്കത്തിനാണ് പരിക്കേറ്റത്. കറന്തക്കാട്ട് മദ്യവില്‍പ്പന നടത്തുന്നതായുള്ള വിവരമറിഞ്ഞ് പ്രിവന്റീവ് ഓഫീസര്‍ എസ്. ജേക്കബ്ബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീര്‍ പറമ്മല്‍, നിതീഷ് വൈക്കം എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധനക്കെത്തിയതായിരുന്നു. ഈ സമയത്ത് കറന്തക്കാട്ടെ ഹോട്ടലിന് സമീപം ഒരുസംഘം മദ്യവില്‍പ്പന നടത്തുന്നതുകണ്ടു. സംഘത്തിലൊരാളെ നിതീഷ് വൈക്കം പിടികൂടുകയും മറ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ മദ്യവില്‍പ്പനക്കാര്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ നിതീഷ് വൈക്കത്തിന്റെ വാരിയെല്ലിന് ക്ഷതമേറ്റു. ഇവിടെ നിന്ന് 180 മില്ലി ലിറ്ററിന്റെ 33 കുപ്പി വിദേശമദ്യം പിടികൂടി. മദ്യവില്‍പ്പന നടത്തിയതിന് കണ്ടാലറിയാവുന്ന സംഘത്തിനെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് കൊണ്ടുവരുന്ന മദ്യം കറന്തക്കാട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘം സജീവമാണ്. ബിവറേജ് മദ്യശാലകളും ബാറുകളും വൈകിട്ട് അടക്കുന്നതിനാല്‍ വൈകിട്ട് മുതല്‍ രാത്രിവരെ ഈ ഭാഗത്ത് അനധികൃത മദ്യക്കച്ചവടം പൊടിപൊടിക്കുകയാണ്.

 

No comments