JHL

JHL

കാസർകോട് നഗരത്തിലെ മൂന്ന് കടകളിൽ കവർച്ച; 5 ലക്ഷം രൂപയുടെ നഷ്‌ടം


 





കാസർകോട്: നഗരത്തിലെ മൂന്ന് കടകളിൽ ഷട്ടറിന്റെ പൂട്ട് തകർത്ത് കവർച്ച. വ്യാഴാഴ്ച്ച രാത്രി കാസർകോട് പഴയ ബസ്‌സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മൂന്ന് കടകളിലാണ് മോഷണം നടന്നത്. അജ്‌മീർ ടെക്‌സ്റ്റൈൽസ്, വാഹിയ ഫാൻസി, വാവ വസ്ത്രക്കട എന്നീ കടകളിലാണ് മോഷണം നടന്നത്. 

അജ്‌മീർ ടെക്‌സ്റ്റൈൽസിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും പള്ളത്ത് താമസക്കാരനുമായ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് അജ്‌മീർ ടെക്‌സ്റ്റൈൽസ്. വ്യാഴാഴ്ച്ച രാത്രി ഒമ്പതോടെ കട പൂട്ടിയതായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഇത് കാണാതിരിക്കാനായി മോഷ്‌ടാക്കൾ കാർഡ്ബോർഡ് കൊണ്ട് മറച്ചിരുന്നു. ഉടൻ പോലീസിനെ അറിയിക്കുകയും ഡോഗ്‌സ്‌ക്വാഡ് അടക്കമുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തുകയും ചെയ്‌തു. ഫാൻസി കടയിൽനിന്ന് 1000 രൂപയും വസ്ത്രക്കടയിൽനിന്ന് 5000 രൂപയുമാണ് നഷ്ടപ്പെട്ടത്.

സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ മൂന്ന് പേരടങ്ങുന്ന മോഷ്‌ടാക്കളുടെ ദൃശ്യം ലഭിച്ചുവെങ്കിലും വ്യക്തതക്കുറവുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതായും പോലീസ് കൂട്ടിച്ചേർത്തു.


No comments