JHL

JHL

ബാങ്ക് വായ്പയുള്ള വീടും സ്ഥലവും നൽകി വഞ്ചിച്ചതായി ഷിറിയ ബത്തേരിയിലെ പുഷ്പാവതിയും കുടുംബവും


 



മുഴുവൻ പണവും നൽകിയിട്ടും  വീടും സ്ഥലവും എഴുതി നൽകുന്നില്ല. ജപ്‌തി ഭീഷണിക്കു മുൻപിൽ നീതി തേടി കർണാടക സുള്ള്യ താലൂക്കിലെ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് 


കുമ്പള: വീടും സ്ഥലവും വാങ്ങിയതിൻ്റെ പണം മുഴുവനായി കൊടുത്ത് തീർത്ത്  വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം എഴുതി നൽകാൻ തയ്യാറാവുന്നില്ലെന്നും കച്ചവടം ഉറപ്പിച്ച് എഗ്രിമെൻ്റ് തയ്യാറാക്കിയതിനു ശേഷം ഉടമ രണ്ട് തവണകളിലായി അഞ്ചര ലക്ഷം രൂപ വായ്പയെടുത്തതിനെ തുടർന്ന്  ഇപ്പോൾ  ജപ്‌തി ഭീഷണി നേരിടുന്നതായും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും  മംഗൽപ്പാടി ഷിറിയ ബത്തേരിയിലെ പുഷ്പാവതിയും ഭർത്താവ് ആനന്ദും കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു.ദക്ഷിണ കർണാടക സുള്ള്യ താലൂക്കിലെ പഞ്ച ഗ്രാമപഞ്ചായത്തിൻ്റെ 2001- 2005 കാലയളവിൽ  പ്രസിഡൻ്റായ ബി.ജെ.പി നേതാവ് പുഷ്പാവതിയുടേതാണ് ഈ ദയനീയവസ്ഥ. പുഷ്പാതിയും കുടുംബവും 20016 ൽ മംഗൽപാടി പഞ്ചായത്തിലെ ഷിറിയ ബത്തേരിലേക്ക് താമസം മാറുന്നതിനായി ഷിറിയയിലെ  പ്രവാസിയായ ചന്ദ്രകാന്തിൻ്റെ ഭാര്യ സുലോചനയിൽ നിന്ന് പത്ത് സെൻ്റ് സ്ഥലവും പണി പൂർത്തിയാകാത്ത വീടും വാങ്ങാൻ 2016 മേയിൽ  പതിനായിരം രൂപ  അഡ്വാൻസ് നൽകി പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതേ വർഷം ആദ്യ ഘഡുവായി  ആറ് ലക്ഷം രൂപ നൽകുകയും ചെയ്തു. വീടിന് 2.45 ലക്ഷം രൂപ വായ്പയുണ്ടെന്നും ലോൺ നിങ്ങൾ അടക്കണമെന്നും പിന്നിട് കണക്ക് തീർക്കാമെന്നുമൊക്കെയാണ് ഉടമ പുഷ്പാവതിയോട് പറഞ്ഞത്. അതു പ്രകാരം ലോൺ കൃത്യമായി അടച്ചു വരികയായിരുന്നു. പിന്നീട് ബാക്കി തുകക്ക് ആറ് മാസത്തെ സാവകാശമാണ് അന്ന് നൽകിയത്. ഭർത്താവിൻ്റെ സ്ഥലം വിറ്റയിനത്തിൽ കിട്ടിയതും സ്വർണത്തിന് വായ്പയെടുത്തും കൂട്ടി മൂന്ന് ലക്ഷം രൂപ  2017 ഏപ്രിലും  രണ്ടര ലക്ഷത്തിലധികം രൂപ വായ്പാ അടച്ചതടക്കം 12 ലക്ഷത്തിലധികം രൂപ കൊടുത്ത് തീർത്തെങ്കിലും സ്ഥലവും വീടും എഴുതി നൽകാൻ തയ്യാറാവുന്നില്ല. നാട്ടിലെത്തിയാൽ ശരിയാക്കിതരാമെന്നാണ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ബാങ്കിൽ ലോൺ അടക്കാൻ പോയ സമയത്താണ്  വീടിന് സുലോചനയുടെയും ചന്ദ്രകാന്തിൻ്റെയും പേരിലായി രണ്ട് വായ്പകളുണ്ടെന്നും  തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന വിവരം പുഷ്പാവതി അറിയുന്നത്. ഒരു ലോണിൽ പൈസ അടക്കാത്തതിനെ തുടർന്ന് ബാങ്ക് നോട്ടീസ് പതിപ്പിച്ചിരിക്കുകയാണ്.

പുഷ്പാവതിയും കുടുംബവും.  ഇക്കാര്യം ചോദിക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ചന്ദ്രകാന്ത് പറയുന്നത്. ഏതു സമയം വീട് ജപ്‌തി ചെയ്യുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 

ജപ്‌തി ഭീഷണിക്കു മുൻപിൽ എന്ത്  ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് പുഷ്പാവതിയും കുടുംബവും. മഞ്ചേശ്വരത്തെയും ജില്ലയിലെയും ബി.ജെ.പി യുടെ പ്രമുഖ നേതാക്കളോട് ഇക്കാര്യം നിരന്തരം  ബോധിപ്പിച്ചിട്ടും തൻ്റെ അവസ്ഥ കേൾക്കാൻ ആരും തയ്യാറായില്ലെന്നാണ് പുഷ്പാവതി പറയുന്നത്.  ബി.ജെ.പിയെന്ന പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് വരെയായ തനിക്ക് ഇത്തരമൊരു  ദുരാനുഭവമുണ്ടായാൽ സാധരണക്കാർക്ക് എങ്ങനെ ബി.ജെ.പിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പുഷ്പാവതി ചോദിക്കുന്നത്. രാഷ്ട്രപതിയിൽ നിന്നും സ്വച്ഛ് ഭാരത് പുരസ്ക്കാരം ഏറ്റുവാങ്ങിയ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു പുഷ്പാവതി. വീടും സ്ഥലവും എത്രയും വേഗം എഴുതി നൽകിയില്ലെങ്കിൽ നിയമ പോരാട്ടത്തിലൂടെ നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് പുഷ്പാവതിയും ഭർത്താവ് ആനന്ദും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


No comments