JHL

JHL

മുംബൈയിൽ പിടിയിലായ പിടികിട്ടാപ്പുള്ളിയെ കേരള പോലീസെത്തി കസ്റ്റഡിയിലെടുത്തു

 


മുംബൈ : (www.truenewsmalayalam.com)

വിദേശ രാജ്യങ്ങളിൽ ജോലി വാദ്ഗാനംചെയ്‌ത്‌ തട്ടിപ്പു നടത്തി കേരളത്തിൽനിന്ന് മുങ്ങിയ പിടികിട്ടാപ്പുള്ളി തുളസീദാസിനെ കേരള പോലീസെത്തി കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച്ച മുതൽ നവിമുംബൈ കാമൊത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു തുളസീദാസ്. ഞായറാഴ്ച്ച രാവിലെ പനവേലിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ കേരള പോലീസിന് വിട്ടുകൊടുത്തു. ഞായറാഴ്ച്ച ഏയർ ഇന്ത്യ വിമാനത്തിൽ ഇയാളെ കേരളത്തിലെത്തിച്ചു. ഇയാൾക്കെതിരെ കൊല്ലം പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ പിടിയിലായതറിഞ്ഞ് കൊല്ലത്തുനിന്ന് പോലീസ് സംഘം ഞായറാഴ്ച്ച രാവിലെ മുംബൈയിലെത്തി. കേരളത്തിൽനിന്നുള്ള പോലീസുദ്യോഗസ്ഥരായ എസ്.ഐ. സമ്പത്ത്, സീനിയർ സി.പി.ഒ. സുനിൽ, സി.പി.ഒ. അനിൽ എന്നിവരാണ് മുംബൈയിലെത്തി തുളസീദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേരളത്തിൽ 12 സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതായി കേരളത്തിൽനിന്നെത്തിയ പോലീസുദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ തിങ്കളാഴ്ച്ച കൊല്ലം കോടതിയിൽ ഹാജരാക്കും. കേരളത്തിൽ മിക്ക ജില്ലകളിലും തുളസീദാസിനെതിരെ വഞ്ചനക്കേസുണ്ട്. നവി മുംബൈയിലെ കരഞ്ചാടെയിൽ താമസിച്ചിരുന്ന തുളസീദാസിനെ വസായിൽ തട്ടിപ്പിനിരയായ ശശീന്ദ്ര കുറുപ്പ്, പ്രജിത്ത്, രാധാകൃഷ്ണൻ എന്നിവരാണ് പിടികൂടി കാമൊത്തെ പോലീസിൽ ഏല്പിച്ചത്. ഇവരുടെയും ബന്ധുക്കളുടെയും 30 ലക്ഷം രൂപ ഇയാൾ ജോലി വാഗ്ദാനം ചെയ്‌ത്‌ തട്ടിയിരുന്നു. മലയാളി സാമൂഹ്യപ്രവർത്തകരും ഇതിനായി ഒന്നിച്ചു പ്രവർത്തിച്ചു. തട്ടിപ്പിനിരയായ വസായിലെയും ഡോംബിവ്‌ലിയിലെയും പരാതിക്കാരും സ്റ്റേഷനിൽ എത്തിയിരുന്നു. ഡോംബിവ്‌ലി നിവാസി മംഗളനെയും ഇയാൾ ഒന്നരലക്ഷം രൂപ വഞ്ചിച്ചിരുന്നു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പേരെ ഇയാൾ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ട്.


No comments