JHL

JHL

എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി

തിരുവനന്തപുരം (www.truenewsmalayalam.com): നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന സാഹചര്യത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ സംസ്ഥാന സർക്കാർ ആണ് തീരുമാനം എടുത്തത്. ഏപ്രിൽ 30ന്​ അവസാനിക്കുന്ന രീതിയിലാണ്​ പരീക്ഷ ക്രമീകരിക്കുക.

ഇൗ മാസം 17 ന്​ പരീക്ഷ തുടങ്ങാനാണ്​ നേരത്തെ നിശ്ചയിച്ചിരുന്നത്​. നിയമ സഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ അനുമതി തേടുകയായിരുന്നു.

അധ്യാപക-വിദ്യാർഥി സംഘടനകളടക്കം പരീക്ഷ നീട്ടാനുള്ള സർക്കാറിന്‍റെ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന്​ നേരത്തെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും മാർച്ചിൽ തന്നെ നടത്തണമെന്ന്​ സർക്കാർ തീരുമാനിച്ചതായിരുന്നു. മാർച്ച്​ 17 തുടങ്ങുന്ന തരത്തിൽ പരീക്ഷകൾ ക്രമപ്പെടുത്തുകയും ചെയ്​തതാണ്​.

എന്നാൽ, ഏപ്രിൽ ആറിന്​ നിയമ സഭ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാൽ അതിന്​ ശേഷം നടത്തുന്ന തരത്തിൽ പ​രീക്ഷ മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ അനുമതി തേടുകയായിരുന്നു സർക്കാർ. സർക്കാറിന്‍റെ നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്ന്​ എതിർപ്പുയർന്നിരുന്നു. അധ്യാപകരെയടക്കം തെരഞ്ഞെടുപ്പ്​ പ്രചരണത്തിലും മറ്റും ഉപയോഗിക്കാനാണ്​ പരീക്ഷ നീട്ടുന്നതെന്ന ആക്ഷേപം പലരും ഉന്നയിക്കുകയും ചെയ്​തു.

എന്നാൽ, പരീക്ഷ നീട്ടണമെന്ന നിലപാടിൽ തന്നെയായിരുന്നു സർക്കാർ. പരീക്ഷ നീട്ടാൻ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ അനുമതി വൈകുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള തയാറെടുപ്പുകൾ പൊതു വിദ്യാഭ്യാസ വകുപ്പ്​ തുടങ്ങിയിരുന്നു. അതിനിടെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ അനുമതി ലഭിക്കുന്നതും, അഞ്ചു ദിവസം ശേഷിക്കെ, പരീക്ഷ നീട്ടാൻ സർക്കാർ തീരുമാനമെടുക്കുന്നതും.

 

No comments