JHL

JHL

ടൂറിസം വികസനത്തിൽ ഇടം പിടിക്കാത്ത കുമ്പള- ആരിക്കാടി കോട്ട കാട് കയറി നശിക്കുന്നു.


കുമ്പള(www.truenewsmalayalam.com) : ജില്ലയിലെ അതിപുരാതന കോട്ടകളിലൊന്നായ കുമ്പള -ആരിക്കാടി കോട്ട സംരക്ഷിക്കാനാളില്ലാതെ നാശത്തിന്റെ വക്കിൽ. ജില്ലയിലെ ടൂറിസം പദ്ധതികളിൽ ഇടം പിടിക്കാതെ പോയതാണ് നൂറുകണക്കിന് വർഷം പഴക്കമുള്ള ദേശീയപാതയോരത്തുള്ള കോട്ട കാടുകയറി നശിക്കുന്നത്.

 കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസിന് ഒന്നര  കിലോമീറ്റർ മാത്രം അകലെയാണ് കുമ്പള കോട്ട ഉള്ളത്.എന്നിട്ട് പോലും പഞ്ചായത്ത് ഭരണ സമിതി  ടൂറിസം വികസത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ആരിക്കാടി കോട്ട ജില്ലയിലെ ടൂറിസം ഭൂപടത്തിൽ  സ്ഥാനം പിടിച്ചാൽ കുമ്പളയിൽ  വലിയ വികസന സാധ്യതയാണ് നാട്ടുകാർ കാണുന്നത്.പ്രത്യേകിച്ച് കാസറഗോഡ് -മംഗലാപുരം ദേശീയപാതയോട്  ചേർന്നതാണ് കോട്ട എന്നിരിക്കെ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.

 ഏക്കർകണക്കിന് വരുന്ന  കോട്ടയുടെ പലഭാഗങ്ങളും സ്വകാര്യവ്യക്തികൾ കൈയേറിയതായി നേരത്തെതന്നെ ആക്ഷേപമുയർന്നിരുന്നു.മാധ്യമങ്ങളിൽ ഇത് വാർത്തയായിരുന്നു. നിലവിൽ കോട്ടയ്ക്ക്  സംരക്ഷണ ഭി ത്തികളൊന്നുമില്ല, ഉള്ളതാകട്ടെ  തകർന്ന്  കിടക്കുകയുമാണ്. കോട്ടയുടെ തൊട്ടുതാഴെ യുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിരവധി ആളുകൾ നിത്യവും പ്രാർത്ഥനയ്ക്കെത്തുന്നുണ്ട്. ഇവരൊക്കെ കോട്ട സന്ദർശിച്ചു  ഫോട്ടോകൾ എടുത്തും  മറ്റുമാണ് മടങ്ങാറുള്ളത്.കോവിഡ് മഹാമാരിക്ക്  മുമ്പ് അവധിദിവസങ്ങളിലും ധാരാളംപേർ കോട്ട കാണാനായി എത്താറുണ്ടായിരുന്നു.

 നേരത്തെ പരേതനായ ചെർക്കളം അബ്ദുല്ല സാഹിബ് തദ്ദേശ  സ്വയംഭരണവകുപ്പ് മന്ത്രിയായിരിക്കെ ആരിക്കാടി  കോട്ട കേന്ദ്രീകരിച്ച് "കലാഗ്രാമം '' സ്ഥാപിക്കാനുള്ള ഒരു നീക്കം നടത്തിയിരുന്നു. അന്ന് ചെർക്കള ത്തോടൊപ്പം ടൂറിസം  വകുപ്പ് ഉദ്യോഗസ്ഥരും മറ്റും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. പിന്നീട് തുടർ നടപടികൾ ഇല്ലാതെപോയത് പ്രസ്തുത  പദ്ധതിയിലും കുമ്പള കോട്ട ഇടം പിടിക്കാതെ പോയി.

 കോട്ടയെ ശരിയായ രീതിയിൽ  സംരക്ഷിച്ച് നിർത്തുകയും, ജില്ലയുടെ ടൂറിസം വികസനത്തിൽ  ഇടംപിടിക്കാൻ കുമ്പള ഗ്രാമ  പഞ്ചായത്ത്  ഭരണസമിതിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നുമാണ് പ്രദേശവാസികളെയും, സന്നദ്ധസംഘടനകളുടെയും ആവശ്യം.

No comments