JHL

JHL

ഭെൽ ഇഎംഎൽ കമ്പനിയുടെ അറ്റകുറ്റപ്പണി നടത്താൻ നടപടി തുടങ്ങി

 

കാസർകോട്(www.truenewsmalayalam.com) : ഭെൽ ഇഎംഎൽ കമ്പനിയുടെ 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ഒരു വർഷത്തിലധികമായി അടച്ചിട്ട ഫാക്ടറിയുടെ അറ്റകുറ്റ പ്രവൃത്തികൾ നടത്താൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു.യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എച്ച്എംടിയുടെ പ്രതിനിധികളും ഫാക്ടറി കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരും  കമ്പനി സന്ദർശിച്ചു.

പുനരുദ്ധാരണത്തിനും അറ്റകുറ്റ പ്രവൃത്തികൾക്കും വിശദമായ എസ്റ്റിമേറ്റ് സംഘം 15ന് അകം സംസ്ഥാന സർക്കാരിനു നൽകും. ഓഹരികൾ തിരികെ നൽകാൻ മേയ് 11നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചത്. കൈമാറ്റ നടപടികൾക്കു നേതൃത്വം നൽകാൻ പൊതുമേഖലാ പുനരുദ്ധാരണ ബോർഡിനെ (റിയാബ്)യാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഉടൻ  ഓഹരികൾ ഏറ്റെടുത്ത് കമ്പനി തുറന്ന് പ്രവർത്തിപ്പിക്കുക, ജീവനക്കാരുടെ 30 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പ്രക്ഷോഭത്തിനിറങ്ങിയ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് ചേർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ വ്യവസായ മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.ജൂൺ 3 നും 4 നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥ പ്രതിനിധികളുമായി വ്യവസായ വകുപ്പ് ചർച്ച നടത്തിയിരുന്നു.


No comments