JHL

JHL

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുഗുൾ റോയ് പാർട്ടി വിട്ടു തൃണമൂലിൽ ചേർന്നു


കൊല്‍ക്കത്ത(www.truenewsmalayalam.com) : ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുകുള്‍ റോയ്‌ മകന്‍ സുഭ്രാന്‍ശുവിനൊപ്പം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മടങ്ങി. തൃണമൂല്‍ ഭവനിലെത്തിയ മുകുള്‍ റോയ്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പാര്‍ട്ടിയിലേക്കു മടങ്ങുന്നുവെന്ന് അറിയിച്ചത്. 2017ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ്‌ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമതയ്‌ക്കൊപ്പം മടങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുകുള്‍ റോയ്‌ തിരിച്ചെത്തിയെന്നും മറ്റുള്ളവരെ പോലെ അയാള്‍ വഞ്ചകനല്ലെന്നും മുഖ്യമന്ത്രി മമത പറഞ്ഞു. പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലെയും ഇന്ത്യയിലെയും ഒരേ ഒരു നേതാവ് മമതയാണെന്നും മുകുള്‍ റോയ്‌ പറഞ്ഞു  2017ല്‍ ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ ‘ശ്വാസംമുട്ടല്‍’ അനുഭവിക്കുകയാണെന്ന് മുകുള്‍ റോയ്‌ തന്റെ അടുത്ത അനുയായികളോടു പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയേറ്റതോടെ അസ്വസ്ഥതയ്ക്ക് ആക്കം കൂടി. ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും ‘അപരിചിതമായി’ തുടരുമെന്നുമാണ് മുകുള്‍ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികള്‍ സൂചിപ്പിക്കുന്നത്.  മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി അപ്രതീക്ഷിതമായി അവരില്‍നിന്ന് അകന്ന് ബിജെപിയിലേക്ക് എത്തിയതാണ് മുകുള്‍ റോയിയുടെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണു വിലയിരുത്തല്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ചുക്കാന്‍ പിടിച്ച മുകുള്‍ റോയിയേക്കാള്‍ സുവേന്ദുവിന് ബിജെപി കൂടുതല്‍ പ്രാമുഖ്യം നല്‍കിയത് മുകുള്‍ ക്യാംപിനെ ചൊടിപ്പിച്ചിരുന്നു.  നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയെ പരാജയപ്പെടുത്തിയതോടെ സുവേന്ദുവിന് പാര്‍ട്ടിക്കുള്ളിലും കേന്ദ്രനേതൃത്വവുമായും കൂടുതല്‍ അടുപ്പമുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. അതേസമയം, സുവേന്ദുവിനൊപ്പം വന്ന നേതാക്കളും തൃണമൂലിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ മുകുള്‍ റോയ്‌ ഒഴികെ ആരെയും തിച്ചെടുക്കാന്‍ മമത പച്ചക്കൊടി കാട്ടിയിട്ടില്ല.  മമതയ്‌ക്കെന്നും മമത  ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ്‌ പിന്നീട് ബംഗാളില്‍ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവാണ്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയ് ഇത്തവണ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആവുകയും ചെയ്തു.   പാര്‍ട്ടി വിട്ടു പോയ സുവേന്ദുവിനെ മമത കടന്നാക്രമിക്കുമ്പോഴും മുകുള്‍ റോയിയോട് മൃദു സമീപനമായിരുന്നു. 'പാവം മുകുള്‍ റോയ് അവിടെ പെട്ടുപോയതാണ്' എന്ന് മമത തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിച്ചിട്ടുമുണ്ട്.  മുകുള്‍ റോയിയുടെ ഭാര്യ കൃഷ്ണ റോയ് കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുമ്പോള്‍ മമതയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജി വിവരങ്ങളറിയാന്‍ ആശുപത്രിയിലെത്തുകയും മുകുള്‍ റോയിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.  ‘ഘര്‍ വാപസി’ക്കുള്ള മമതയുടെ ക്ഷണവുമായാണ് അഭിഷേക് എത്തിയതെന്ന വിവരം ബംഗാള്‍ രാഷ്ട്രീയത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. 10 മിനിറ്റോളമാണ് അഭിഷേക് ആശുപത്രിയില്‍ ചെലവിട്ടത്. അദ്ദേഹം മടങ്ങി അല്‍പസമയത്തിനകം ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആശുപത്രിയിലെത്തി മുകുള്‍ റോയിയുമായി സംസാരിച്ചു. എന്നിട്ടും തീരാതെ ജൂണ്‍ മൂന്നിനു രാവിലെ സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ മുകുള്‍ റോയിയെ വിളിച്ചു സംസാരിച്ചു. സുഖവിവരങ്ങളന്വേഷിക്കാനായിരുന്നു വിളിയെന്നു മാത്രമേ മുകുള്‍ റോയി പറഞ്ഞുള്ളൂവെങ്കിലും ആ വിളിക്ക് അതിലപ്പുറത്തെ മാനങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.   ശാരദാ ചിട്ടിഫണ്ട് കേസിലും നാരദ സ്റ്റിങ് ഓപറേഷന്‍ കേസിലും പ്രതിയാണ് മുകുള്‍ റോയ്. അദ്ദേഹം ബിജെപിയിലേക്കു പോയത് ഈ കേസുകളില്‍നിന്ന് രക്ഷ തേടിയാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. 2017ല്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ വിവരം പുറത്തു വന്നപ്പോഴാണ് തൃണമൂല്‍ റോയിയെ പുറത്താക്കുന്നത്. രണ്ടു മാസത്തിനകം 2017 നവംബറില്‍ റോയ് ബിജെപിയില്‍ ചേര്‍ന്നു.  അതോടെ ബംഗാളിലെ ബിജെപിയുടെ കുന്തമുനയായി മുകുള്‍ റോയ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 18 സീറ്റു നേടി ചരിത്രവിജയം കൈവരിച്ചത് മുകുള്‍ റോയിയുടെ മാത്രം മികവിലായിരുന്നുവെന്നതും ചരിത്രം. അതോടെ റോയ് ദേശീയ നേതൃത്വത്തിന്റെയും പ്രിയങ്കരനായി. അമിത് ഷായുടെ കണ്ണിലുണ്ണിയായി. ജെ.പി.നഡ്ഡയുടെ പുതിയ ടീം വന്നപ്പോള്‍ റോയ് ദേശീയ വൈസ് പ്രസിഡന്റുമായി.  പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുകള്‍  ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സീറ്റു നിര്‍ണയത്തിലും റോയ് മുഖ്യകേന്ദ്രമായതോടെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുകള്‍ തുടങ്ങി. വിരുന്നു വന്നവര്‍ കാര്യക്കാരായെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷ്തന്നെ പറയുന്ന അവസ്ഥയായി. റോയിയും ഘോഷും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ഇരുവരെയും ഡല്‍ഹിയിലേക്കു വിളിപ്പിച്ചു ദേശീയ നേതൃത്വംതന്നെ മഞ്ഞുരുക്കല്‍ നടത്തി. എങ്കിലും ചില കനലുകള്‍ അണയാതെ കിടന്നിരുന്നു.  നാരദാ സ്റ്റിങ് ഓപറേഷന്‍ കേസില്‍ നാലു തൃണമൂല്‍ നേതാക്കള്‍ അറസ്റ്റിലായതോടെ മുകുള്‍ റോയിയെയും സുവേന്ദുവിനെയും പിടികൂടാത്തതെന്ത് എന്ന ചോദ്യം ഉയര്‍ന്നു. കേസ് ചാര്‍ജ് ചെയ്യുമ്പോള്‍ രാജ്യസഭാംഗമായിരുന്ന മുകുള്‍ റോയിയെയും ലോക്‌സഭാംഗമായിരുന്ന സുവേന്ദുവിനെയും അറസ്റ്റു ചെയ്യാന്‍ രാജ്യസഭാ ചെയര്‍മാന്റെയും ലോക്‌സഭാ സ്പീക്കറുടെയും അനുമതി വേണമെന്നും അതിനു കാക്കുകയാണെന്നും സിബിഐ പറഞ്ഞു.   ഇരുവരെയും സംരക്ഷിക്കുന്ന വിധത്തില്‍ ഒരു വാക്കു പോലും ബംഗാള്‍ ബിജെപി നേതൃത്വത്തില്‍നിന്നു വരാതിരുന്നതും ദേശീയ നേതൃത്വം മിണ്ടാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള മുകുള്‍ റോയിയുടെ മൗനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ ഇതുമായി കൂട്ടിവായിച്ചിരുന്നു. ബംഗാളില്‍ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അതിക്രമങ്ങളെക്കുറിച്ചു ബിജെപി നടത്തിയ പ്രക്ഷോഭങ്ങളിലൊന്നും മുകുള്‍ റോയിയുടെ സജീവ സാന്നിധ്യമുണ്ടായില്ല. പ്രസ്താവനകളില്‍പ്പോലും തൃണമൂലിനെതിരെ അദ്ദേഹം പ്രതികരിച്ചിരുന്നുമില്ല. 

No comments