JHL

JHL

അടച്ചിട്ട് ഇനി എത്ര നാൾ...? ആത്മഹത്യാ വക്കിൽ വ്യാപാരി സമൂഹം.

കുമ്പള (www.truenewsmalayalam.com): വ്യാപാരികൾക്കിടയിൽ ആത്മഹത്യകൾ വർദ്ധിച്ചതോടെ കാറ്റഗറി യുടെ പേരിലുള്ള ഈ അടച്ചിടൽമൂലം സ്ഥാപനങ്ങൾ ഇനി എത്രകാലം മുന്നോട്ട്  കൊണ്ടുപോകാനാ കുമെന്ന ആശങ്കയിലാണ് ജില്ലയിലെ വ്യാപാരി സമൂഹം. ഒന്നെങ്കിൽ കച്ചവടം അവസാനിപ്പിക്കുക, അല്ലെങ്കിൽ ആത്മഹത്യ ഈ രണ്ടു വഴികളെ ഇനി  വ്യാപാരികളുടെ മുമ്പിൽ  ഉള്ളൂ...

 കടബാധ്യതയും, നോട്ട് നിരോധനവും, കോവിഡുമൊക്കെയായി വ്യാപാരി സമൂഹം കഴിഞ്ഞ നാല്  വർഷത്തോളമായി കടുത്ത പ്രതിസന്ധിയിലാണ്. ഈ കാലയളവിൽ മാത്രം 24 ഓളം വ്യാപാരികൾ ആത്മഹത്യ ചെയ്തു. ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു. ഇന്നിപ്പോൾ സംസ്ഥാനത്തെ പതിനാല് ലക്ഷത്തോളം വരുന്ന വ്യാപാരികൾക്ക് ഉപജീവനം പോലും പ്രശ്നമായി മാറിയിരിക്കുന്നു.

 സർക്കാറിൻറെ കോവിഡ്  നിയന്ത്രണം കച്ചവട സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വിറ്റഴിക്കാൻ ആകാതെ കടകളിൽ കെട്ടിക്കിടക്കുന്നത്. എല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് വ്യാപാരികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതും,  കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്നതും. കച്ചവടം അവസാനിപ്പിക്കാൻ പലരും നിർബന്ധിതരാവുകയാണ്. കോവിഡ്  കാറ്റഗറിയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും നിരന്തരം വ്യാപാരികൾ പറയുന്നുണ്ടെങ്കിലും ചെവിക്കൊള്ളാൻ അധികൃതർ തയ്യാറാവുന്നില്ല.

 വാടക നൽകാനാകാതെയാണ് വ്യാപാരികൾ കച്ചവടം അവസാനിപ്പിക്കുന്നത്. ഇതിനകം തന്നെ ജില്ലയിലെ പലഭാഗങ്ങളിലും കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടി കഴിഞ്ഞു. കാറ്റഗറി മാറിമറയുന്നതിനാൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ കഴിയുന്നത്. വരുമാനമാർഗം നിലച്ചതിനെ പിന്നാലെ കടബാധ്യത കൂടി വരുന്നതിനാലാണ് വ്യാപാരികൾ കച്ചവടം അവസാനിപ്പിച്ച് ആത്മഹത്യയുടെ വക്കിൽ എത്തിയിരിക്കുന്നത്.

 ഓൺലൈൻ വ്യാപാരം അഭിവൃദ്ധി പ്രാപിച്ചതും വ്യാപാരികൾക്ക്  കൂനിന്മേൽ കുരുവായി. ഇവിടെയും വേണ്ടത്ര ഇടപെടലുകൾ നടത്താൻ വ്യാപാരി സംഘടനയ്ക്ക് പോലും കഴിയാതെ  പോയി. സമാന്തരമായി നടക്കുന്ന തെരുവോര കച്ചവട ബാഹുല്യവും മറ്റൊരു വലിയ വെല്ലുവിളിയായി തുടരുന്നു. ഇടപെടലുകൾ ഇല്ലാത്തതിനാൽ വ്യാപാരികൾ അസംഘടിത വിഭാഗമായി മാറി എന്ന് വ്യാപാരികൾ തന്നെ കുറ്റപ്പെടുത്തുന്നു. സർക്കാർ ഒരുതരത്തിലും വ്യാപാരികളെ സഹായിക്കാൻ മുന്നോട്ടു വരുന്നുമില്ല. ബിവറേജ് കളുടെ വരുമാനത്തിൽ മാത്രമാണ് സർക്കാരിൻറെ ശ്രദ്ധേയെന്ന്  വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. കടകൾ പൂട്ടി കിടന്ന കാലത്തെ വൈദ്യുതി നിരക്കിൽ പോലും സർക്കാർ ഇളവ്  നൽകിയതുമില്ല. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സമാശ്വാസ പദ്ധതി എത്രത്തോളം വ്യാപാരി സമൂഹത്തിന് ഗുണകരമാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

 കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സീസണുകളിലെ  കച്ചവടം ഒന്നും വ്യാപാരികൾക്ക് കിട്ടിയില്ല. ഈ ഓണക്കാലത്തും വ്യാപാരികൾക്ക് പ്രതീക്ഷയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി ക്കിടയിൽ എല്ലാ വഴിയും അടയുന്നതോടെ വ്യാപാരികൾക്ക് ആത്മഹത്യയല്ലാതെ വഴിയില്ല എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.


No comments