JHL

JHL

ഓൺലൈൻ ക്ലാസിനിടെ അശ്ലീല വിഡിയോ എത്തി; എന്തു ചെയ്യണമെന്നറിയാതെ വിദ്യാർഥികൾ.

കാസർകോട്(www.truenewsmalayalam.com) : നഗരത്തിനടുത്തെ ഒരു വിദ്യാലയത്തിലെ ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ എത്തി. ക്ലാസ് നടക്കുന്നതിനിടെ ഈ വിഡിയോയും പ്ലേ ആയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിദ്യാർഥികൾ. വിഡിയോ കണ്ട കുട്ടിയുടെ മാതാവ് അധ്യാപകനെ വിവരം അറിയിച്ചു. എന്നാൽ അധ്യാപകനു ഇതു റിമൂവ് ചെയ്യാൻ ആകുന്നില്ല. ഇതിനിടെ സ്കൂളിലേക്കു തുടരെ തുടരെ ഫോണുകൾ എത്തി. എന്തു ചെയ്യണമെന്നറിയാതെ അധ്യാപകൻ കുഴങ്ങി. പിന്നീട് മറ്റൊരു അധ്യാപകന്റെ സഹായത്തോടെ പ്രശ്നം പരിഹരിച്ചു.

വിദ്യാർഥികൾക്കു നൽകുന്ന ഓൺലൈൻ ലിങ്ക് ദുരുപയോഗം ചെയ്തു മറ്റുള്ളവർക്കു ലഭിക്കുന്നതാണ് അജ്ഞാതരുടെ സന്ദേശങ്ങൾ വിദ്യാർഥികളുടെ ഗ്രൂപ്പിൽ എത്താൻ  കാരണമെന്നാണു നിഗമനം. പരാതികളേറിയതോടെ ഓൺലൈൻ ഗ്രൂപ്പുകളിലും ക്ലാസുകളിലുമെല്ലാം അധ്യാപകരുടെ നിരന്തര നിരീക്ഷണമുണ്ട്. 

ജില്ലയിൽ 2 കേസുകൾ

വിദ്യാർഥികൾക്കുള്ള ഓൺലൈൻ, സ്കൂൾ വാട്സ് ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശം എത്തിയതു സംബന്ധിച്ച് ജില്ലയിൽ 2 പരാതികളുണ്ട്. ഇതിൽ ഒരെണ്ണത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് പരിധിയിലാണ് മറ്റൊരു കേസ്.ബങ്കളത്തെ  സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥികളുടെ ഗ്രൂപ്പിലേക്ക് കൊലയാളി എന്ന പ്രൊഫൈൽ ഐഡിയിൽ നിന്ന് അജ്‍ഞാതൻ നുഴഞ്ഞു കയറിയതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

ഗ്രൂപ്പിന്റെ ലിങ്ക് ചോർന്നത് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെട്ട ഗെയിം ഗ്രൂപ്പുകളിലൂടെയാണെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് നീലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി സൈബർ സെല്ലിനു കൈമാറിയിരിക്കുകയാണ്. ഇതിനു പുറമേ ചില വിദ്യാലയങ്ങളിൽ സമാനരീതിയിലുള്ള സംഭവങ്ങൾ ഉണ്ടായതായി പറയുന്നുവെങ്കിലും പരാതികൾ ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു.

സൈബർ സെല്ലിന്റെ ക്ലാസുകൾ

ഓൺലൈൻ ക്ലാസുകളിൽ ലിങ്ക് ഷെയർ ചെയ്തു പോകുമ്പോൾ ഉണ്ടാകുന്ന ദുരുപയോഗം തടയുന്നതിനായി  ബോധവൽക്കരണവുമായി  കേരള പൊലീസിന്റെ സൈബർ ടീം രംഗത്തുണ്ട്. ഓരോ ഉപ ജില്ലകളിലെയും പ്രധാന അധ്യാപകർ, ഐടി അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്കാണു ക്ലാസുകൾ നടത്തുന്നത്.ഓൺലൈൻ ക്ലാസുകളുടെ ലിങ്ക് കുട്ടികൾക്കു ഷെയർ ചെയ്താൽ ക്ലാസിൽ കയറുന്നത് അതേ ക്ലാസിലെ വിദ്യാർഥികളാണെന്ന് അധ്യാപകൻ ഉറപ്പുവരുത്തണമെന്നാണ് സൈബർ സെൽ നൽകുന്ന മുന്നറിയിപ്പ്.





No comments