JHL

JHL

ഡമ്മി ടെസ്റ്റും പോസിറ്റീവ് : ആർ ടി പി സി ആർ കിറ്റിൽ തന്നെ വൈറസ് സാന്നിദ്ധ്യമുണ്ടോ എന്ന് സംശയം.

 

കാസർകോട്(www.truenewsmalayalam.com) : ചെമ്മനാട് പഞ്ചായത്തിൽ ആർടിപിസിആർ പരിശോധനയിൽ ഡമ്മി ടെസ്റ്റ് നടത്തിയപ്പോൾ പ്രസിഡന്റ് അടക്കം പോസിറ്റീവ് ആയതിൽ വിവാദം. ചില ആർടിപിസിആർ പരിശോധനകളിൽ സംശയമുള്ളതായി പഞ്ചായത്ത് അധികൃതർ പറഞ്ഞതോടെയാണ് ഡമ്മി ടെസ്റ്റ് നടത്തിയതെന്നാണു വിവരം. സ്രവം എടുക്കാതെ സ്വാബ് സ്റ്റിക് മാത്രം പരിശോധനയ്ക്ക് അയച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കം പോസിറ്റീവായി. സംഭവത്തിൽ ചെമ്മനാട് മെഡിക്കൽ ഓഫിസറോട് ജില്ലാ മെഡിക്കൽ ഓഫിസർ വിശദീകരണം തേടി.

എന്നാൽ, ഇതു സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കേന്ദ്ര സർവകലാശാല ലാബിലാണ് സ്രവം പരിശോധിച്ചത്. ലാബിന്റെ ഭാഗത്തു വീഴ്ചയില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം. ലാബ് സ്റ്റിക്കിന്റെയോ അല്ലെങ്കിൽ കൈകാര്യം ചെയ്തതിലെയോ പിഴവാകാം പരിശോധനാ ഫലം പോസിറ്റീവ് ആകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. 

പഞ്ചായത്തിലെ ചില ആർടിപിസിആർ പരിശോധനയിൽ സംശയമുണ്ടായിരുന്നതായും എന്നാൽ തന്റെ പേരിൽ അടക്കം ഡമ്മി ടെസ്റ്റിന് പോയത് അറിഞ്ഞില്ലെന്നുമാണു ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഡമ്മി ടെസ്റ്റിന് 7 പേരുടെ സാംപിളാണ് അയച്ചത്. ഇതിൽ 6 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആയി. സംഭവം വിവാദമായതോടെ വിവിധ സംഘങ്ങളിൽ നിന്നായി ആർടിപിസിആർ കിറ്റുകൾ പരിശോധന നടത്തി. ഇതൊന്നും പോസിറ്റീവ് ആയില്ല. ഇതോടെ പരിശോധനാ കേന്ദ്രത്തിൽ നിന്ന് അയച്ച സ്റ്റിക്കിൽ തന്നെ വൈറസ്‍ ഉണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.





No comments