JHL

JHL

ഭെൽ ഇഎംഎൽ നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ തുറക്കും.

കാസർകോട്(www.truenewsmalayalam.com) : സംസ്ഥാന സർക്കാർ തിരികെ ഏറ്റെടുത്ത മൊഗ്രാൽപുത്തൂർ ബെദ്രഡ്ക്കയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഭെൽ ഇഎംഎൽ സംസ്ഥാന പൊതുമേഖല സ്ഥാപനമായി നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ തുറക്കും. തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. 1989ൽ പ്രവർത്തനം തുടങ്ങിയ കെൽ യൂണിറ്റ് സംസ്ഥാന സർക്കാർ 2011ൽ ആണ് ഭെല്ലിന്റെ നിയന്ത്രണത്തിൽ വിട്ടു കൊടുത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്.

ഭെൽ ഓഹരി പങ്കാളിത്തം ഒഴിഞ്ഞു കൈമാറിയതോടെയാണ് 10 വർഷത്തിനകം വീണ്ടും സംസ്ഥാന പൊതു മേഖലാ സ്ഥാപനം ആകുന്നത്. കോവിഡ് ലോക്ഡൗണിൽ തുടങ്ങി 18 മാസമായി അടഞ്ഞു കിടക്കുന്ന കമ്പനിയിൽ ജീവനക്കാർക്കു 34 മാസത്തെ ശമ്പളം നൽകാനുണ്ട്. പുനരുദ്ധാരണം ഉൾപ്പെടെ 77 കോടി രൂപയുടെ ബാധ്യതയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.

തിരികെ ഏറ്റെടുത്ത സ്ഥാപനത്തിന്റെ താൽക്കാലിക ചെയർമാൻ കം മാനേജിങ് ഡയറക്ടറും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെൽ മാനേജിങ് ഡയറക്ടർ ഷാജി എം.വർഗീസ് എന്നിവർ തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിതല അനുമതി നേടി കേരളപ്പിറവി ദിനത്തിൽ സ്ഥാപനം തുറക്കുമെന്ന് അറിയിച്ചത്.

തീരുമാനം മന്ത്രി തലത്തിൽ

ഭെൽ ഇഎംഎൽ ഇനി സവതന്ത്ര കെൽ യൂണിറ്റ് ആണോ അല്ല അനുബന്ധ സ്ഥാപനമായിട്ടാണോ പ്രത്യേക കമ്പനി ആയിട്ടാണോ പ്രവർത്തിക്കേണ്ടത് എന്ന കാര്യത്തിൽ മന്ത്രി തല തീരുമാനത്തിനു വിട്ടു. പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമടക്കം പുതിയ പേരിൽ പ്രത്യേക സ്ഥാപനമായി പ്രവർത്തിക്കുന്നതിന് എല്ലാ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ചെയ്യുമെന്ന് മുഹമ്മദ് ഹനീഷ് പറ‍ഞ്ഞു.

കെല്ലിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കുകയെന്നത് നിലവിലുള്ള അവസ്ഥ തന്നെ തുടരാൻ ഇടയാക്കുമെന്നും കെല്ലിന്റെ സ്വതന്ത്ര യൂണിറ്റ് ആയി തന്നെ പ്രവർത്തിക്കണമെന്നും യൂണിയൻ നേതാക്കൾ ഇന്നലത്തെ യോഗത്തിലും ആവർത്തിച്ച് ആവശ്യപ്പെട്ടു.  കെൽ യൂണിറ്റായി പ്രവർത്തിക്കുന്നതിനു തൊഴിലാളികളും യൂണിയനും എല്ലാ സഹായവും പിന്തുണയും ഉറപ്പു നൽകി.

ജീവനക്കാരുടെ പെൻഷൻ പ്രായം 60 വരെ തുടരുന്നത് സംബന്ധിച്ച് നിയമപരമായ പരിശോധനയ്ക്കു വിടും. ജീവനക്കാരുടെ ശമ്പള കുടിശിക എങ്ങനെ ഏതു വിധത്തിൽ വിതരണം ചെയ്യണമെന്നത് സംബന്ധിച്ചു മാനേജ്മെന്റ്, തൊഴിലാളി യൂണിയൻ പ്രതിനിധികൾ അടങ്ങിയ ഉപസമിതി ചേർന്ന് 15 ദിവസത്തിനകം സർക്കാരിനു മാർഗ രേഖ സമർപ്പിക്കാൻ ധാരണയായി.

പുതിയ സ്ഥാപനത്തിന്റെ ചെയർമാനായി മുഹമ്മദ് ഹനീഷ് തുടരണമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ അഭ്യർഥിച്ചു. മാനേജ്മെന്റ് പ്രതിനിധികളായ യൂണിറ്റ് ഹെഡ് ജോസി കുര്യാക്കോസ്, വി.സന്തോഷ്, വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ മുൻ എംപി പി.കരുണാകരൻ, ടി.കെ.രാജൻ, വി.രത്നാകരൻ, കെ.പി.മുഹമ്മദ് അഷ്റഫ്, എ.വാസുദേവൻ, കെ.ജി.സാബു, വി.പവിത്രൻ, അബ്ദുൽ റസാഖ്, ടി.വി.ബേബി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.





No comments