JHL

JHL

യാത്രക്കാർ കാത്തിരിക്കുന്നത് മണിക്കൂറുകളോളം: ദേശീയപാത റൂട്ടുകളിൽ കൂടുതൽ ബസ് സർവീസുകൾ തുടങ്ങണമെന്ന ആവശ്യം ശക്തം.

കാസറഗോഡ്(www.truenewsmalayalam.com) : കോവിഡ്  നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ  ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങാൻ തുടങ്ങിയത് മൂലം  ജില്ലയിൽ പ്രധാന റൂട്ടുകളിൽ യാത്രാ ദുരിതവുമേറി. 

 കോവിഡ് നിയന്ത്രണങ്ങളാൽ ദേശീയ പാതയിലൂടെയുള്ള ബസ് സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഇതു പഴയതുപോലെ പുനസ്ഥാപിക്കാൻ ഇതുവരെ സർക്കാർ നടപടി സ്വീകരിക്കാത്തതാണ് യാത്രാദുരിതത്തിന് കാരണമാകുന്നത്.

 കാസർഗോഡ്- ചെർക്കള വഴി കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസുകൾ ഏറെ കുറവാണ് സർവീസ് നടത്തുന്നത്. ഇതുവഴി യുള്ള സ്വകാര്യബസുകളും പൂർവസ്ഥിതിയിൽ ഓടി തുടങ്ങിയിട്ടുമില്ല. ഇതുമൂലം യാത്രക്കാർ മണിക്കൂറുകളോളമാണ് ബസ്സ് കാത്തു നിൽക്കേണ്ടി വരുന്നത്. ബസുകളുടെ കുറവുമൂലം വൈകുന്നേരങ്ങളിലും, രാവിലെയും യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തുന്നത്. ഇത് യാത്രക്കാരിൽ ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

 കാസർഗോഡ്- തലപ്പാടി റൂട്ടിൽ  കർണാടക കെഎസ്ആർടിസി ഓടി തുടങ്ങാത്തത് യാത്രാ ദുരിതത്തിന് കാരണമായിട്ടുണ്ട്. കേരള ട്രാൻസ്പോർട്ട് ബസ്സുകൾ തലപ്പാടി വരെ മാത്രമാണ് ഓടുന്നത്. കർണാടക സർക്കാരിൻറെ മംഗലാപുരത്തേക്കുള്ള നിയന്ത്രണം തുടരുകയും ചെയ്യുന്നു. ഈ റൂട്ടിലും ഓടുന്ന ബസ്സുകളും യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തുന്നത്. ചുരുക്കം ചില സ്വകാര്യ ബസുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.

 ജില്ലയിലെ ദേശീയപാതകളിലൂടെ  ഓടികൊണ്ടിരുന്ന  കെഎസ്ആർടിസി ബസുകൾ പൂർവ സ്ഥിതിയിൽ സർവീസ് നടത്താനും, യാത്രാദുരിതത്തിന് പരിഹാരം കാണാനും നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






No comments