JHL

JHL

ഭാരത ബന്ദ് കേരളത്തിൽ ഹർത്താലാവും

തിരുവനന്തപുരം(www.truenewsmalayalam.com) : ദേശീയ തലത്തിൽ ഈ മാസം 27ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച കേരളം ഹർത്താലിന് സമാനമായ അവസ്ഥയിലാകും.

 കേരളത്തിൽ ഭരണകക്ഷി തന്നെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു എന്ന പ്രത്യേകതയുമുണ്ട്. ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം ഹർത്താലിന് പിന്തുണ നൽകാൻ തീരുമാനിച്ചു.

ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ഈ ദിവസം ഹർത്താൽ നടത്തുമെന്ന് അറിയിച്ചു. പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് സർവീസുകൾ തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കി. മോട്ടർ വാഹന തൊഴിലാളികളും ബാങ്ക് ജീവനക്കാരുമടക്കമുള്ള നൂറിലേറെ തൊഴിലാളി സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ സാഹചര്യം ഹർത്താലിന് തുല്യമാകും.

കേന്ദ്ര സർക്കാരിൻ്റെ ജദ്രോഹ നയങ്ങൾക്കെതിരെ 27ന് നടത്തുന്ന ഭാരത് ബന്ദിനോട് ഇടത് പാർട്ടികൾ നേരത്തെ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. തൊഴിലാളി സംഘടനകളും ബന്ദിനോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ വിവാദ കർഷക നിയമങ്ങൾ പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്യുന്നത്. കൊവിഡ്-19 റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ വിവിധ സർക്കാരുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.





No comments