JHL

JHL

കാസർകോട് സ്വദേശിയിൽ നിന്ന് 1.25 കോടി തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ.

അഞ്ചൽ (കൊല്ലം)(www.truenewsmalayalam.com) : സാമ്പത്തിക ബാധ്യതയിലായ കാസർകോട് സ്വദേശിക്കു മോഹന വാഗ്ദാനം നൽകി ഒന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ നെല്ലിമൂട് ഫാത്തിമ മൻസിൽ ഷീബ (42), നാവായിക്കുളം പുതുശേരിമുക്ക് പുതിയറ അനിൽ ഭവനിൽ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.  കാസർകോട് ജില്ലയിലെ ചില ഹൈടെക് തട്ടിപ്പുകാർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു.

കാസർകോട് മൂന്നാട് പറയംപള്ളം ശശിധരനാണു വൻതുക നഷ്ടമായത്. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ 24 കോടിയോളം രൂപ  വായ്പയായി നൽകാമെന്നു  ശശിധരനെ പറഞ്ഞു വിശ്വസിപ്പിച്ചാണു തട്ടിപ്പു നടത്തിയതെന്നു  പൊലീസ് പറയുന്നു. വൻതുക കൈമാറുന്നതിനു മുൻപുള്ള നിയമ നടപടി പൂർത്തിയാക്കാൻ 1.24 കോടി രൂപ മുൻകൂർ നൽകണമെന്ന ആവശ്യം ശശിധരൻ അംഗീകരിക്കുക ആയിരുന്നുവെന്നു പൊലീസ് പറയുന്നു.

ബാങ്ക് അക്കൗണ്ടിലേക്കു പണം നൽകണമെന്ന പ്രതികളുടെ  നിർദേശം അനുസരിച്ചു ശശിധരൻ ഈ അക്കൗണ്ടുകളിൽ തുക നിക്ഷേപിക്കുകയായിരുന്നു. പ്രതികൾ ഈ പണം ഏരൂരിലെ ബാങ്ക് ശാഖയിൽനിന്നു പിൻവലിച്ചു. വീണ്ടും 50 ലക്ഷം രൂപ കൂടി വേണമെന്നു പ്രതികൾ ആവശ്യപ്പെട്ടതോടെയാണു ശശിധരനു തട്ടിപ്പു മനസ്സിലായത്. 

ഇതെത്തുടർന്നു കാസർകോട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതികൾ കുടുങ്ങിയത്. ശശിധരനെ അടുത്തറിയുന്ന കാസർകോട് സ്വദേശികളുടെ സഹായത്തോടെയാണു തട്ടിപ്പെന്നു സൂചനയുള്ളതിനാൽ അന്വേഷണം തുടരുന്നതായി  ഏരൂർ ഇൻസ്പെക്ടർ എസ്.അരുൺ വ്യക്തമാക്കി.





No comments