JHL

JHL

ഓക്സിജൻ പ്ലാന്റ് വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി കാസർകോട് ഗവ.മെഡിക്കൽ കോളജ് അടച്ചിടുന്നു.

കാസർകോട്(www.truenewsmalayalam.com) : നീണ്ട കാലത്തെ കോവിഡ് പോരാട്ടത്തിനു ശേഷം കാസർകോട് ഗവ.മെഡിക്കൽ കോളജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നു. ഓക്സിജൻ പ്ലാന്റിലേക്കു വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായാണു മെഡിക്കൽ കോളജ് താൽക്കാലികമായി അടച്ചിടുന്നത്. നിലവിൽ പത്തിൽ താഴെ പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.    ഇവർ ഡിസ്ചാർജ് ആകുന്നതോടെ ആശുപത്രി താൽക്കാലികമായി അടച്ചിടാനാണു തീരുമാനം.
ജില്ലയിൽ നിലവിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതിൽ ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ഇന്നലെ 246 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ചട്ടംഞ്ചാലിലെ ടാറ്റാ കോവിഡ് ആശുപത്രിയിലും ഗുരുവനം, കാസർകോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുമാണു നിലവിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്. ടാറ്റായിൽ നിലവിൽ 55 പേരാണു ചികിത്സയിലുള്ളത്. 

ഗുരുവനത്ത് 38 പേരും കാസർകോട് അസാപിൽ 5 പേരും ചികിത്സയിലുണ്ട്. ജില്ലാ ആശുപത്രിയിൽ 6 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 

 കോവിഡ് പോസിറ്റീവായ 3 ഗർഭിണികൾ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണു മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനെ ദിവസങ്ങൾക്കകം ആശുപത്രിയാക്കി മാറ്റിയത്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെയും സർക്കാർ അടിയന്തരമായി നിയോഗിച്ചു. 

കോവിഡ് ചികിത്സയിൽ ജില്ലയ്ക്ക് ഏറെ ആശ്വാസമായിരുന്നു മെഡിക്കൽ കോളജിന്റെ വരവ്. കേന്ദ്ര സർക്കാർ അനുവദിച്ച 80 ലക്ഷം രൂപ ചെലവിട്ടാണു മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന്റെ വൈദ്യുതീകരണ ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ മെഡിക്കൽ കോളജ് വീണ്ടും തുറക്കും.





No comments