JHL

JHL

ബദിയടുക്കയിൽ വന്ധ്യംകരിക്കുന്നതിനായി നായ്ക്കളെ പിടികൂടി തുടങ്ങി.

ബദിയടുക്ക(www.truenewsmalayalam.com) : പഞ്ചായത്തിൽ വന്ധ്യംകരിക്കുന്നതിനായി നായ്ക്കളെ പിടികൂടി തുടങ്ങി. ഇന്നലെ രാവിലെയാണ് 12ാം വാർഡിൽ നായ പിടിത്തം തുടങ്ങിയത്. ഇന്നലെ 8 പട്ടികളെ പിടികൂടി. ടൗണിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ ഒട്ടേറെയുണ്ട്. പെരഡാല, മൂക്കാംപാറ, കടാർ റോഡ്, ബദിയടുക്ക ടൗൺ, ബോളുക്കട്ട എന്നിവിടങ്ങളിൽ കൂട്ടം കൂട്ടമായി പോകുന്ന നായ്ക്കളുടെ ശല്യം മൂലം യാത്രക്കാർ ഭീതിയിലായിരുന്നു. പുലർച്ചെ നടക്കാനിറങ്ങുന്നവരാണു വല്ലാതെ പേടിച്ചിരുന്നത്. പഞ്ചായത്തുകൾ ആവശ്യപ്പെടുന്ന മുറയ്ക്കാണ് പട്ടിപിടുത്തക്കാർ ജില്ലാ പഞ്ചായത്തിന്റെ നിർദേശപ്രകാരമെത്തുന്നത്.

നായ്ക്കളെ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിചരണത്തിനു ശേഷം പിടിച്ച സ്ഥലത്തു തന്നെ കൊണ്ടു വിടും. 1900 രൂപയാണ് ഒരു നായയ്ക്കു നൽകുക. ഇതു വരെ 13 പഞ്ചാത്തുകളാണ് ഇതിനു ഫണ്ട് നീക്കി വച്ചിട്ടുള്ളത്. ജില്ലയിൽ 39 പഞ്ചായത്തുകളും 3 മുനിസിപ്പാലിറ്റികളുമുണ്ട്. ബദിയടുക്ക 44900 രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും പള്ളിക്കര, പുല്ലൂർ പെരിയ പഞ്ചായത്തുകൾ 2 ലക്ഷം രൂപ വീതവും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.


No comments