JHL

JHL

സി.പി.എം. ജില്ലാ സമ്മേളനത്തിന് മടിക്കൈയിൽ തുടക്കമായി.

മടിക്കൈ(www.truenewsmalayalam.com) : സി.പി.എം ജില്ലാ സമ്മേളനത്തിന് മടിക്കൈയിൽ തുടക്കമായി.

സി.പി.എം 23-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനം മടിക്കൈയിലെ അമ്പലത്തുകരയിലാണ് തുടക്കം കുറിച്ചത്.

 പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അമ്പലത്തുകരയില്‍ പ്രത്യേകം സജ്ജമാക്കിയ കെ. ബാലകൃഷ്ണന്‍ നഗരിയില്‍ ഇന്ന് രാവിലെ പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മറ്റേത് രാഷ്ട്രീയ കക്ഷികള്‍ക്കും കഴിയാത്ത രീതിയിലുള്ള ജനാധിപത്യമാണ് സി.പി.എമ്മിലുള്ളതെന്ന് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ബി.ജെ.പിയിലും കോണ്‍ഗ്രസിലും എന്തു ജനാധിപത്യമാണുള്ളതെന്നും ബി.ജെപിയിലെ നയങ്ങള്‍ തീരുമാനിക്കുന്നത് ആര്‍.എസ്.എസും കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ഒരമ്മയും രണ്ടു മക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

26,120 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പേരും 35 ജില്ലാ കമ്മിറ്റിഅംഗങ്ങളും ഉള്‍പ്പടെ 185 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 9.30ന് പ്രതിനിധി സമ്മേളന നഗരിയില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായിരുന്ന കെ. കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി. ഉദ്ഘാടനത്തിന് ശേഷം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു ചര്‍ച്ചയും മറുപടിയും ഭാവി പ്രവര്‍ത്തന പരിപാടികളും അംഗീകരിച്ച്, സമ്മേളനം മൂന്നാം ദിവസം സമാപിക്കും.

പി. കരുണാകരന്‍, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി, കെ.കെ ശൈലജ, ആനത്തലവട്ടം ആനന്ദന്‍, ടി.പി രാമകൃഷ്ണന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍, ഇ. രതികുമാര്‍, കെ.വി കുഞ്ഞിരാമന്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 





No comments