JHL

JHL

പൊലിയംതുരുത്ത് നിർമാണ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന്

കാസർകോട്(www.truenewsmalayalam.com) : ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന സൊസൈറ്റി (സിറ്റ്‌കോസ്) നിർമിക്കുന്ന വിനോദസഞ്ചാരകേന്ദ്രം പൊലിയംതുരുത്ത് നിർമാണ പ്രവർത്തനോദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാലിന് നടക്കും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ അധ്യക്ഷയാവും. സഹകരണവകുപ്പ് ജോയിൻറ് രജിസ്ട്രാർ കെ. രമ ആദ്യ നിക്ഷേപം സ്വീകരിക്കും.

മലയോരത്തിന്റെ പ്രകൃതിവശ്യതയും കാസർകോടൻഗ്രാമങ്ങളുടെ സൗന്ദര്യവും സംസ്‌കാരവും ചേർത്താണ് ബേഡകം പഞ്ചായത്തിലെ മലാങ്കടപ്പിൽ ടൂറിസം വില്ലേജ് ഒരുങ്ങുന്നത്. പദ്ധതിയുടെ പ്രചാരണ വീഡിയോയും ബ്രോഷറും പ്രകാശനം ചെയ്തു.

പ്രചാരണ വീഡിയോ കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജ്‌മോഹനും ബ്രോഷർ യുവസിനിമാതാരം സുബീഷ് സുധിയും പ്രകാശനം ചെയ്തു. ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണം അടുത്ത മാസം തുടങ്ങും.

'മാജിക്കൽ റിയലിസം ഓഫ് തുളുനാട്' എന്ന പ്രമേയത്തിൽ പയസ്വിനി പുഴയോരത്ത് മുന്നാട് വില്ലേജിലെ മലാങ്കടപ്പിൽ പൊലിയംതുരുത്ത് ദ്വീപാണ് വിനോദസഞ്ചാരകേന്ദ്രമാവുന്നത്. തദ്ദേശീയ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം നിരവധി തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് സംഘം പ്രസിഡന്റ് സിജി മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു.





No comments