കാണാതായ സീതാംഗോളി സ്വദേശിനികളായ യുവതികളെ കണ്ടെത്തി.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ബെംഗ്ളൂറിൽ നിന്നാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച മുതലാണ് വിവാഹിതയായ 22 കാരിയേയും ഇവരുടെ ബന്ധുവും കോഴിക്കോട് സ്വദേശിനിയും കാസർകോട്ട് വിദ്യാർഥിനിയുമായ 19 കാരിയേയും കാണാതായത്. രണ്ട് വയസുള്ള മകനെ ഭർതൃഗൃഹത്തിലാക്കിയാണ് 22 കാരി വീടുവിട്ടത്. ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചില്ലെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് ഭർതൃപിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കാസർകോട്ടെ ഒരു ബ്യൂടിപാർലറിൽ നിന്നും മുടി ബോബ് ചെയ്തും മറ്റും പുത്തൻ രീതിയിലായിരുന്നു ഇവർ വീടുവിട്ടത്.
തൊഴിൽ തേടി ആദ്യം ഇവർ കോയമ്പത്തൂരിലേക്കും അവിടെ ജോലി ശരിയാവാത്തതിനാൽ ബെംഗ്ളൂറിലേക്കും യാത്ര ചെയ്തതായി പൊലീസ് പറഞ്ഞു. ബെംഗ്ളൂറിലും ജോലി ശരിയാവാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് പൊലീസ് പിടിയിലായത്.
കയ്യിലുണ്ടായിരുന്ന ആഭരണം വിറ്റാണ് ഇവർ ചിലവിനുള്ള പണം കണ്ടത്തിയതെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഇവരെ കാസർകോട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കി.
ശേഷം ഇരുവരും മാതാപിതാക്കൾക്കൊപ്പം പോയി.
Post a Comment