JHL

JHL

വികസനത്തിൽ മുടന്തി കുമ്പള റെയിൽവേ സ്റ്റേഷൻ: പദ്ധതികളൊന്നും വെളിച്ചം കാണുന്നില്ല.

കുമ്പള(www.truenewsmalayalam.com) : വികസന പദ്ധതികളിൽ കുമ്പള റെയിൽവേ സ്റ്റേഷനെ  അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു.

 നിലവിലെ സാഹചര്യങ്ങൾ നോക്കിയാൽ വേണ്ടത്ര പരിഗണനയ്ക്ക് അർഹതയുണ്ട് കുമ്പള റെയിൽവേ സ്റ്റേഷന്. എന്നാൽ വാഗ്ദാനങ്ങൾ നൽകിയും, പരിഗണനയുടെ പരിവേഷം ചാർത്തിയും റെയിൽവേ സ്റ്റേഷൻ വികസനകാര്യത്തിൽ അവഗണിക്കുകയാണെ  ന്നാണ് പരാതി. ടെർമിനൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള കാര്യത്തിൽ "മോഹി പ്പിക്കലിൽ " ഉണർന്നെങ്കിലും ഇപ്പോൾ ആശയറ്റ്  കിടക്കുന്നു. 

 ഇ  ഗ്രേഡിലുള്ളതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. നിരവധി കേന്ദ്ര റെയിൽവേ മന്ത്രിമാർ കുമ്പളയിൽ വന്നു അർഹമായ പരിഗണന നൽകുമെന്ന് പ്രഖ്യാപിച്ചത ല്ലാതെ ഈയൊരു പതിറ്റാണ്ടു കാലയളവിൽ യാതൊരു വികസനവും നടന്നില്ല, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ നാല്പതോളം ഏക്കർ സ്ഥലമാണ് സ്വന്തമായിട്ടുള്ളത്. ദേശീയപാതയോട് ചേർന്നുള്ള സംസ്ഥാനത്തെ തന്നെ ഏക റെയിൽവേ സ്റ്റേഷൻ കൂടിയാണ് കുമ്പള. 

 റെയിൽവേ സ്റ്റേഷനോടുള്ള അവഗണന  നിരന്തരമായി നാട്ടുകാരും, വ്യാപാരി നേതാക്കളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, സന്നദ്ധസംഘടനകളും, പാസഞ്ചേഴ്സ് അസോസിയേഷനും മന്ത്രിമാരെയും, ജനപ്രതിനിധികളെയും, റെയിൽവേ ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും കാലം കുറെ കടന്നു പോകുമ്പോഴും കുമ്പള റെയിൽവേ സ്റ്റേഷൻ വികസന മുരടിപ്പിൽ തന്നെ.

 കഴിഞ്ഞ കാലയളവിൽ വരുമാന കാര്യത്തിൽ വൻകുതിപ്പ് രേഖപ്പെടുത്തിയ സ്റ്റേഷനാണ് കുമ്പള. വരുമാനം പ്രതിവർഷം ഒരു കോടിയോളം രൂപയാണ്. റിസർവേഷൻ സൗകര്യം കൂടി ലഭ്യമാക്കിയാൽ വരുമാനം ഇരട്ടിയാകുമെ  ന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നു. യാത്രക്കാരുടെ പോക്കുവരവിലും  കോവിഡ്  കാലത്തിന്  മുമ്പ് വൻ വർധനവാണ് കുമ്പള സ്റ്റേഷനിൽ  ഉണ്ടായത്. പ്രതിമാസം അമ്പതിനായിരത്തോളം യാത്രക്കാർ കുമ്പള സ്റ്റേഷനെ ആശ്രയിക്കുന്നു. പ്രതിമാസം 10 ലക്ഷം രൂപയാണ് വരുമാനവും. മംഗലാപുരത്തെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മുന്നൂറോളം വരുന്ന വിദ്യാർത്ഥികൾ ആശ്രയിക്കുന്നതും കുമ്പള സ്റ്റേഷനെയാണ്.

 നിരവധി കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ കുമ്പളയിലും  സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനമായ എച്ച്എ എൽ, സിപിസിആർഐ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് എത്താൻ പറ്റുന്ന സ്റ്റേഷൻ കൂടിയാണ് കുമ്പള. 

 അവഗണന നേരിടുന്ന സ്റ്റേഷനിൽ മതിയായ മേൽക്കൂര പോലുമില്ല. മഴക്കാലത്ത് മഴനനഞ്ഞ് വേണം ട്രെയിനിൽ കയറിക്കൂടാൻ. കുമ്പളയിൽ ആകെ നിർത്തിയിടുന്നത് ചുരുക്കം ചില ട്രെയിനുകൾ മാത്രം. ദീർഘദൂര ട്രെയിനുകൾക്കൊന്നും കുമ്പളയിൽ സ്റ്റോപ്പില്ല. ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ പകൽസമയങ്ങളിൽ റെയിൽവേ സ്റ്റേഷൻ നോക്കുകുത്തിയാകുന്നു.

 കുമ്പളയിലെ സമഗ്രമായ വികസനത്തിന് ഊർജ്ജം പകരാൻ കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിലൂടെ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. ഇത് വ്യാപാര മേഖലയ്ക്കും ഉണർവേകുമെന്ന്  വ്യാപാരികളും പറയുന്നു. ഇതിന് ഈ വർഷത്തെ റെയിൽവേ ബഡ്ജറ്റിൽ കുമ്പള റെയിൽവേ സ്റ്റേഷൻ വികസനപദ്ധതികൾ ഇടം പിടിക്കണം. അതിനായുള്ള ശ്രമങ്ങൾ എല്ലാ ഭാഗങ്ങളിൽ നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.






No comments