JHL

JHL

കെ.റെയിൽ; ജില്ലയിലും പ്രതിഷേധം ശക്തം, ഉദുമയിൽ കല്ലുകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു.


ഉദുമ(www.truenewsmalayalam.com) : കെ.റെയിൽ; ജില്ലയിലും പ്രതിഷേധം ശക്തം, ഉദുമയിൽ കല്ലുകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു.
 റവന്യു ഉദ്യോഗസ്ഥരുടെ  സംഘത്തെയാണു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. ഉദുമ പഞ്ചായത്തിൽ 19, 21 വാർഡുകളിലെ കണ്ണികുളങ്ങര, കുന്നിൽ എന്നീ പ്രദേശങ്ങളിൽ കല്ലിടാനാണു ഒരു സംഘമെത്തിയത്. കല്ലിടാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ അറിയിച്ചതോടെ ഉദ്യോഗസ്ഥ സംഘം  പൊലീസിന്റെ സഹായം തേടി.
ബേക്കൽ എസ്ഐ രജനീഷ് മാധവന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല, തുടർന്നു റവന്യു സംഘം കല്ലിടാതെ തിരിച്ചു പോയി. ജനവാസ-കാർഷിക മേഖലയിലൂടെ കടന്നു പോകുന്ന കെ-റെയിൽ പദ്ധതി അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാർ പറയുന്നത്.

 തുടർപരിശോധനയ്‌ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികൾ നാട്ടാനോ ഉദ്യോഗസ്ഥർ എത്തിയാൽ  ഇനിയും തടയുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം  പുഷ്പ ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, ബിന്ദുസുതൻ, ശകുന്തള ഭാസ്‌ക്കരൻ, ഹാരീസ് അങ്കകളരി,അൻവർ മാങ്ങാട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തടഞ്ഞത്.പഞ്ചായത്തിലെ 13 –ാം  വാർഡിൽ കല്ലിടാൻ വന്ന സംഘത്തെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസവും തദ്ദേശ     വാസികൾ ഉപരോധിച്ചിരുന്നു. 

പ്രതിഷേധത്തെ തുടർന്ന് ഇവിടെയും കല്ലിടാതെ സംഘം മടങ്ങിപ്പോയിരുന്നു. കെ റെയിൽ പദ്ധതിക്കെതിരെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഇന്നു 3നു  വളളിയോട്ട് തറവാട്ടിൽ സമര സമിതിക്ക് രൂപം നൽകുമെന്നു പ്രതിഷേധക്കാർ അറിയിച്ചു. ഇതിനിടെ കരിപ്പാടി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗസ്ഥ  സംഘമെത്തി കല്ലിട്ടിരുന്നു.





No comments