JHL

JHL

സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടികൊണ്ടുപോയി ഒന്നര കോടി കവർന്ന കേസ്; 2 പേർ കൂടി പിടിയിൽ.

കാസർകോട്(www.truenewsmalayalam.com) : സ്വർണ വ്യാപാരിയുടെ ഡ്രൈവറെ കാർ തടഞ്ഞ് തട്ടികൊണ്ടുപോയി ഒന്നര കോടി കവർച്ച ചെയ്ത കേസിൽ 2 പേർ കൂടി അറസ്റ്റിലായി. തൃശൂർ കൊടശ്ശേരി താഴൂർ വടശ്ശേരി ഹൗസിൽ എഡ്വിൻ തോമസ് (25), എറണാകുളം ആലുവ പടുവപ്പുറം കറുകുട് ചക്കിഹെറി ഹൗസിൽ ആന്റണി ലൂയിസ് (ആന്റപ്പൻ 21) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രധാന പ്രതികളായ  വയനാട് പുൽപ്പള്ളി ചക്കാലക്കൽ വീട്ടിൽ സുജിത്ത്, പനമരം നടവയൽ കാനക്കുന്ന് പാത്തിപ്പാക്കൽ വീട്ടിൽ ജോബിഷ് ജോസഫ്,കണ്ണൂർ മാലൂർ കുന്നുമ്മൽ സ്വദേശി സിനിൽ എന്നിവരടക്കമുള്ളരെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. 

ഇന്നലെ അറസ്റ്റിലായ പ്രതികളെ കാസർകോട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.  ദേശീയപാതയിൽ സെപ്റ്റംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരിയിലേക്ക് സ്വർണം വാങ്ങാനുള്ള പണവുമായി പോവുകയായിരുന്ന മംഗളൂരുവിലെ സ്വർണ വ്യാപാരിയുടെ കാർ മൊഗ്രാൽപുത്തൂരിൽ വച്ച് അക്രമിച്ച് ഡ്രൈവറെ തട്ടികൊണ്ടു പോയി പണം തട്ടുകയായിരുന്നു. മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുൽ മഹാജേവ് ജാവിർ എന്നയാളാണ് അക്രമിക്കപ്പെട്ടത്. കേസിൽ ഇതുവരെ 30 ലക്ഷം രൂപയും 9 പവനും 6 വാഹനങ്ങളും  പിടിച്ചെടുത്തു.

കവർന്ന പണവുമായി പ്രതികൾ ഗോവയിൽ പുതുവർഷം ആഘോഷിച്ച ശേഷം ബെംഗളൂരുവിൽ എത്തുകയായിരുന്നു. ഇവിടെ നിന്നു മറ്റു കവർച്ചയ്ക്കു പദ്ധതിയിട്ട ശേഷം ചെന്നൈയിലേക്കാണ് കടന്നത്. ചെന്നൈയിൽ വച്ച് പണം വിഹിതം  വെയ്ക്കുന്നതുമായി പ്രതികൾ തമ്മിൽ തർക്കമുണ്ടായി.  ആദ്യ രണ്ട് പ്രതികളുമായി വാക്ക് തർക്കമാവുകയും പിന്നീട്  തെറ്റിപിരിഞ്ഞ് എഡ്വിനും ആന്റപ്പനും തൃശൂരിലേക്ക് മടങ്ങുകയുമായിരുന്നു. 

വാട്‌സാപ്പ് വഴിയുള്ള സന്ദേശ കൈമാറ്റമായതിനാൽ  പൊലീസിന് പ്രതികൾ സഞ്ചരിക്കുന്ന സ്ഥലം കണ്ടെത്താൻ ഏറെ പ്രയാസമായിരുന്നു. ഇതിനിടെയാണു പ്രതികൾ തൃശൂരിലെത്തിയത്.പൊലീസ് നീരക്ഷണത്തിലുള്ള ഇരുവരും തൃശൂരിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ്  തൃശൂർ വെസ്റ്റ് പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയലെടുക്കുകയയിരുന്നുവെന്നു പൊലീസ് പറഞ്ഞു.ഒന്നാം പ്രതി രണ്ട് പേർക്കും നൽകാനുള്ള 4 ലക്ഷത്തോളം രൂപ ചോദിച്ചതുമായ ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്നാണ് പ്രതികളുടെ മൊഴിയെന്നു പൊലീസ് പറഞ്ഞു. 

നിലമ്പൂരിലും കവർച്ച

കാസർകോട്ടേത് കൂടാതെ നിലമ്പൂരിൽ ഇതേസംഘം നടത്തിയ സമാന കവർച്ചയിൽ എഡ്വിനും ഉൾപ്പെട്ടിരുന്നു. നിലമ്പൂരിൽ നിന്ന് 95 ലക്ഷമാണ് സംഘം കവർന്നത്. രണ്ട് കവർച്ചയിൽ നിന്നുമുള്ള പണം  വീതം വെയ്ക്കുന്നതാണ് തർക്കത്തിനിടയാക്കിയത്.എഡ്വിന്റെ സഹായിയും ഡ്രൈവറുമാണ് പിടിയിലായ ആന്റപ്പൻ. ഇയാൾ കവർച്ചയിലും ഭാഗമായിട്ടുണ്ട്. നേരത്തെ അന്വേഷണ സംഘം എഡ്വിന്റെ വാടക ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ അലക്ക് യന്ത്രത്തിന് പിന്നിൽ ഒളിപ്പിച്ച ഏഴര ലക്ഷവും കാർ വാങ്ങാനായി നൽകിയ 5 ലക്ഷവും കണ്ടെത്തിയിരുന്നു.

പ്രതികൾ തൃശൂരിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. റോഡരികിൽ  കാറിൽ വിശ്രമിക്കുന്നതിനിടെ  പ്രതികളെ തൃശൂർ വെസ്റ്റ് പൊലീസിന്റെ സഹായത്തോടെ ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാടകയ്‌ക്കെടുത്ത കാർ തിരിച്ചു നൽകാതെയായിരുന്നു പ്രതികളുടെ കറക്കമെന്നു പൊലീസ് പറഞ്ഞു.

കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ കാസർകോട് ഇൻസ്‌പെക്ടർ പി.അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. എസ്ഐ. കെ.രഞ്ജിത്ത്, എഎസ്ഐ.മാരയ പി.വിജയൻ, കെ.മോഹനൻ, ഷുക്കൂർ, ഡി.ശിവൻ, എം.വിജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ 12ന് അറസ്റ്റിലായ കണ്ണൂർ പുതിയതെരു നായക്കർ നടുകണ്ടി വീട്ടിൽ എൻ.എൻ.മുബാറക് (27) കുമ്പള ശാന്തിപള്ളം കുണ്ടങ്കാരടുക്ക ബദ്‍രിയ നഗറിലെ എ.ജി.സഹീർ (സഹീർ റഹീം 34) എന്നീ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്നു കോടതി പരിഗണിക്കും.
No comments