JHL

JHL

കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത അഞ്ചുപേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : ഒട്ടേറെ കേസുകളിൽ പ്രതികളായ കുപ്രസിദ്ധ ക്രിമിനലുകൾ പിടിയിൽ. മംഗളൂരു ആകാശ് ഭവനിലെ  രോഹിദാസ് (ആകാശ് ഭവൻ ശരൺ-38), കങ്കനാടിയിലെ അനിൽ കുമാർ സാലിയൻ (അനിൽ പമ്പുവെൽ-40), ബജ്‌പെയിലെ സൈനൽ ഡിസൂസ (22), ഫറാങ്കിപ്പേട്ടിലെ പ്രസാദ് (39), ജപ്പിനമൊഗേരുവിലെ ചേതൻ കോട്ടാരി (35) എന്നിവരാണ് അറസ്റ്റിലായത്. ഇരുചക്ര വാഹന യാത്രക്കാരനെ കൊള്ളയടിക്കുകയും എതിർ സംഘത്തിൽ പെട്ടയാളെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഡിസംബർ 8 ന് സൂറത്കലിൽ ഇരുചക്ര വാഹന യാത്രക്കാരനെ തടഞ്ഞു നിർത്തി വാഹനവും മൊബൈൽ ഫോണും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നിരുന്നു.

ഈ കേസിലാണ് സംഘം പിടിയിലായത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണു വധ ഗൂഢാലോചന പുറത്തു വന്നത്. മുഖ്യപ്രതി ആകാശ് ഭവൻ ശരണും സഹായിയും ചേർന്ന് എതിർ സംഘത്തിലെ ഒരാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. തെളിവുകളില്ലാതെ ഇതു നടത്താനായി മോഷ്ടിച്ച ഇരുചക്ര വാഹനവും മൊബൈൽ ഫോണും ഉപയോഗിക്കാൻ തീരുമാനിച്ചു. ഇതു സംഘടിപ്പിക്കാനാണു സൂറത്കലിൽ യാത്രക്കാരനെ തടഞ്ഞു നിർത്തി വാഹനം അടക്കം കൊള്ളയടിച്ചത്. പിടിയിലായ സംഘത്തിൽ നിന്ന് 1 എസ്‌യുവി കാർ, 3 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. സംഘത്തിൽ പെട്ട 3 പേർ ഒളിവിലാണ് ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വിദേശത്തുള്ള ക്രിമിനലുകളുമായി അടക്കം ബന്ധം സ്ഥാപിക്കാൻ ഈ സംഘം ശ്രമിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. മറ്റൊരു കേസിൽ അറസ്റ്റിലായ ആകാശ്ഭവൻ ശരൺ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം, ആക്രമണം, എൻഡിപിഎസ്, പോക്‌സോ തുടങ്ങി 22 കേസുകളിൽ പ്രതിയാണ് പിടിയിലായ ശരൺ. കാവൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലുമുണ്ട്. അനിൽ പമ്പുവെല്ലിന് സുരേന്ദ്ര ബണ്ട്വാളിൻറെ കൊലപാതകത്തിൽ പങ്കുണ്ട്. സൈനൽ ഡിസൂസയ്‌ക്കെതിരെ ബജ്‌പെയിലും ചേതൻ കോട്ടാരിക്കെതിരെ കങ്കനാടിയിലും കേസുണ്ട്.





No comments