JHL

JHL

ദേശീയപാതയിലെ മാലിന്യം നീക്കം ചെയ്യുന്നതിനെ ഒരു വിഭാഗം പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞു


ഉപ്പള : മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ട മാലിന്യം നീക്കാനുള്ള ശ്രമം ഒരുവിഭാഗം തടഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബന്തിയോട് ദേശീയപാത മുതൽ ഉപ്പളവരെ റോഡരികിൽ കൂട്ടിയിട്ട മാലിന്യം മാസങ്ങളായി മാറ്റാത്തതിനെത്തുടർന്ന് യാത്രക്കാർക്കും നാട്ടുകാർക്കും ശല്യമായി മാറി. ഇതിനെതിരേ വലിയ പ്രതിഷേധമുയരുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ലോറികളിൽ മാലിന്യം നീക്കാൻ ശ്രമമുണ്ടായത്. ബന്തിയോട് ടൗണിൽ കൂട്ടിയിട്ട മാലിന്യം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറികളിൽ കയറ്റി കുബണൂർ മാലിന്യ പ്ലാന്റിൽ തള്ളി. ഉപ്പള ടൗണിലെത്തിയപ്പോഴാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുവിഭാഗം തടഞ്ഞത്. മഞ്ചേശ്വരം എസ്.ഐ. അൻസാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇരുവിഭാഗവുമായി ചർച്ച നടത്തിയതിനെ തുടർന്ന് രാത്രിയിൽ മാലിന്യം മാറ്റുന്നത് തത്ക്കാലം നിർത്തിവെക്കുകയായിരുന്നു. കുബണൂർ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാൻ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഭരണക്ഷം പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. 31-ന് ഇത് പരിഗണിക്കും. വ്യാഴാഴ്ചമുതൽ എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി മാലിന്യ പ്രശ്നത്തിനും ഭരണസമിതിയുടെ അഴിമതിക്കുമെതിരെ അനിശ്ചിതകാലസമരം തുടങ്ങുകയാണ്. ഈ പശ്ചാത്തലത്തിൽ രാത്രിയിൽ മാലിന്യം നീക്കി മുഖം രക്ഷിക്കാനുള്ള നടപടിയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം നടത്തുന്നതെന്ന് എതിർപ്പുമായെത്തിയവർ പറയുന്നു. എന്നാൽ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് രാത്രിയിൽ മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്റ് റിസാന സാബിർ പറഞ്ഞു.

No comments