JHL

JHL

കുമ്പള മത്സ്യ മാർക്കറ്റ് നവീകരണം വൈകുന്നു:മത്സ്യവില്പന ബസ് സ്റ്റാന്റ് വരെ എത്തി, പോലീസ് നടപടിയും തുടങ്ങി


കുമ്പള. ശുചിത്വ സംവിധാനവും, അടിസ്ഥാന വികസനവും ഒരുക്കാതെ വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ മുടക്കി അ ശാസ്ത്രീയമായി നിർമ്മിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന കുമ്പള മത്സ്യമാർക്കറ്റ് നവീകരണ പദ്ധതി വൈകുന്നതിനിടെ കുമ്പളയിൽ മത്സ്യത്തൊഴിലാളികളും പോലീസും,വ്യാപാരികളും തമ്മിലുള്ള തർക്കം മുറുകി. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ മത്സ്യവിൽപന കുമ്പള ബസ് സ്റ്റാൻഡ് വരെ എത്തിയത് പോലീസുകാരെ ചൊടിപ്പിച്ചു. പോലീസ് കർശന നടപടിയുമായി രംഗത്തെത്തുകയും ചെയ്തു.

ഇന്നലെ രാത്രി ബസ് സ്റ്റാൻഡിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികൾ ക്കെതിരെ പോലീസ് കേസെടുത്തു,സ്റ്റേഷനിൽ എത്തിയ മത്സ്യത്തൊഴിലാളികളെ പിന്നീട് പോലീസ് കർശനമായ താക്കീത് ചെയ്ത് വിട്ടയച്ചു. മേലിൽ ഇത് ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പുനൽകി. അതിനിടെ കഴിഞ്ഞ ആഴ്ച റോഡിലെ മത്സ്യവിൽപന ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. മത്സ്യ വെള്ളം റോഡിലൂടെയും, വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലൂടെയും ഒഴുകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.

 കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മത്സ്യമാർക്കറ്റ് നവീകരിക്കുമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നു. എന്നാൽ തീരുമാനം നീണ്ടു പോകുന്നതാണ് മത്സ്യവിൽപ്പന റോഡിൽ തന്നെ തുടരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത് വ്യാപാരികൾക്ക് ഏറെ ദുരിതമാവുന്നുവെന്ന് വ്യാപാരികളും പറയുന്നു.മത്സ്യ മാർക്കറ്റ് നവീകരണ ജോലി യുദ്ധകാലടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളികളും, വ്യാപാരികളും പറയുന്നത്.


ഫോട്ടോ: കുമ്പള ബസ് സ്റ്റാൻഡിൽ മത്സ്യവിൽപന യിൽ ഏർപ്പെട്ട മത്സ്യ തൊഴിലാളികളെ പോലീസ് തടയുന്നു..

No comments