മണ്ണെണ്ണ ശേഖരിച്ച കെട്ടിടം കത്തിനശിച്ച സംഭവം: ഫോറൻസിക് വിദഗ്ധർ തെളിവെടുത്തു
കാസർകോട് : ദേശീയപാതയിൽ അണങ്കൂർ സ്‌കൗട്ട്‌സ് ഭവനു സമീപത്തെ കത്തിനിശിച്ച ഇരുനില വീട് ഫൊറൻസിക് വിദഗ്ധർ സന്ദർശിച്ച് തെളിവെടുത്തു. ഓലത്തിരിയിലെ ടി.എം. അബ്ദുള്ളയുടെ വീടാണ് ശനിയാഴ്ച വൈകിട്ട് ആറോടെ കത്തിനശിച്ചത്. അനധികൃതമായി വീടിന് മുന്നിൽ ആറ് പ്ലാസ്റ്റിക് സംഭരണികളിലായി സൂക്ഷിച്ച മണ്ണെണ്ണയ്ക്കാണ് ആദ്യം തീപിടിച്ചതെന്നും അതിൽനിന്നാണ് വീട്ടിലേക്ക് തീപടർന്നതെന്നുമാണ് പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും പ്രാഥമിക നിഗമനം. സംഭരണികൾക്ക് മുകളിലെ വൈദ്യുതലൈനിൽനിന്നുണ്ടായ തീപ്പൊരിയാകാം വീട് കത്തിനശിക്കുന്നതിലേക്ക് നയിച്ചതെന്നും അഗ്നിരക്ഷാസേന സംശയിക്കുന്നു. നിലവിൽ തീപ്പിടിത്തത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും കത്തിയത് മണ്ണെണ്ണയാണോ എന്നുള്ളത് ഫൊറൻസിക് പരിശോധനാഫലം വന്നതിനുശേഷം മാത്രമേ ഉറപ്പിക്കാൻ സാധിക്കൂവെന്നുമാണ് പോലീസ് പറയുന്നത്. മണ്ണെണ്ണയാണെന്ന് ഉറപ്പിച്ചാൽ അത് അനധികൃതമായി സൂക്ഷിച്ചതിനും അപകടത്തിനും വീട്ടുടമയ്‌ക്കെതിരേ കേസെടുക്കും. തീപടരുന്ന വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന അത് അണയ്ക്കാനായി ആദ്യം വെള്ളം ചീറ്റുകയായിരുന്നു. എന്നാൽ, തീ കൂടുതൽ ആളിയതോടെ ഫോം കോന്പൗണ്ട് ഉപയോഗിക്കുകയായിരുന്നെന്ന് സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ് കുമാർ പറഞ്ഞു.തറയിൽനിന്ന് മണ്ണ് കത്തുന്നതായാണ് ആദ്യം കണ്ടത്. വീടിന് മുന്നിലെ സംഭരണിയിൽ സൂക്ഷിച്ച എണ്ണ പടർന്നതിനാലാകാമതെന്ന് പ്രകാശ് കുമാർ പറഞ്ഞു. വീട്ടുടമയുടെ ഫോൺ നന്പറിൽ പലതവണ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Post a Comment