JHL

JHL

സ്‌കൂള്‍ വഴിമുടക്കി ട്രാന്‍സ്‌ഫോര്‍മര്‍: പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്


മൊഗ്രാൽ; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണില്‍ നിന്ന് എടുത്തു മാറ്റുന്ന ട്രാന്‍സ്‌ഫോര്‍മര്‍ സ്‌കൂള്‍ വഴിമുടക്കി സ്ഥാപിക്കാനുള്ള കെഎസ്ഇബി അധികൃതരുടെ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികളും, സ്‌കൂള്‍ പിടിഎ എസ്എംസി കമ്മിറ്റികളും രംഗത്തിറങ്ങി. ഇന്നലെ ചേര്‍ന്ന പിടിഎ- എസ്എംസി യോഗത്തിലാണ് സ്‌കൂളിലേക്കുള്ള വഴി തടഞ്ഞുള്ള കെഎസ്ഇബി നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധം തീര്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി സ്‌കൂള്‍ വഴിയില്‍ കെഎസ്ഇബി സ്ഥാപിച്ച തൂണുകളില്‍ വിദ്യാര്‍ത്ഥികള്‍ 'തീരുമാനം മാറ്റുന്നത് വരെ സമരം' എന്ന ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ച് സമരത്തിന് തുടക്കം കുറിക്കുകയും ചെയ്തു.


ട്രാന്‍സ്‌ഫോര്‍മര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെയും, നാട്ടുകാരുടെയും, സന്നദ്ധസംഘടനകളുടെയും ആവശ്യം അംഗീകരിക്കാതെ സ്‌കൂള്‍ വഴിയില്‍ തന്നെ സ്ഥാപിക്കാനുള്ള നീക്കമാണ് കെഎസ്ഇബി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനായി പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. അതേസമയം മാറ്റി സ്ഥാപിക്കാനാവശ്യമായ സ്ഥലം ആരും ചൂണ്ടി കാണിച്ചിട്ടില്ലെന്നും സ്ഥലം ലഭ്യമായില്ലെങ്കില്‍ ടൗണിലെ ട്രാന്‍സ്‌ഫോമര്‍ ഒഴിവാക്കി സ്‌കൂളിന് സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മറിലേക്ക് കണക്ഷന്‍ കൊടുക്കാനാണ് കെഎസ്ഇബിയുടെ നീക്കം. ഇത് ടൗണിലും സമീപത്തുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വോള്‍ട്ടേജ് ക്ഷാമത്തിന് കാരണമാവുമെന്ന ആശങ്കയുമുണ്ട്. വിഷയത്തില്‍ അടിയന്തര പ്രശ്‌നപരിഹാരം വേണമെ ന്നാണ് വിദ്യാര്‍ഥികളുടെയും, പിടി എ- എസ്എം സി കമ്മിറ്റികളുടെയും, സന്നദ്ധസംഘടനകളുടെയും, നാട്ടുകാരുടെയും ആവശ്യം.

No comments