കുഡ്ലു ഗ്രൂപ്പ് വില്ലേജ് : മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഭാഗങ്ങൾ നിലനിർത്തണമെന്ന് ആക്ഷൻ കമ്മിറ്റി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
മൊഗ്രാൽ പുത്തൂർ : പഞ്ചായത്തിൽ വില്ലേജ് ഓഫീസ് ഇല്ലാതാവുകയാണെന്നും അതിന് അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കുഡ്ലു വില്ലേജ് ആക്ഷൻ കമ്മിറ്റിയും പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം ജനങ്ങളും ജീവനക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
കുഡ്ലു ഗ്രൂപ്പ് വില്ലേജ് സ്മാർട്ടായി പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ്. കാസർകോട് താലൂക്കിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ എരിയാലിൽ സ്ഥിതി ചെയ്യുന്ന കുഡ്ലു ഗ്രൂപ്പ് വില്ലേജാണ് മധൂർ പഞ്ചായത്തിലെ ഷിരിബാഗിലു വില്ലേജിലെ ഒളയത്തടുക്കയിലേക്ക് മാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുന്നത്..ഇതോടെ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ വില്ലേജ് ഓഫീസ് ഇല്ലാത്ത സ്ഥിതി വരും.ഇത് ജനങ്ങൾക്ക് ഒരുപാട് ദുരിതമുണ്ടാക്കുമെന്നും ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു.
കുഡ്ലു ഗ്രൂപ്പ് വില്ലേജിലാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 15 വാർഡുകൾ ഉൾപ്പെടുന്നത്.പഞ്ചായത്തിലെ 1 ,2 , 3 , 4 , 5 ,6 ,14 ,15 വാർഡുകൾ പുത്തൂർ വില്ലേജിലും, വാർഡ് 7 , 8 , 9 , 10 , 11 , 12 , 13 വാർഡുകൾ കുഡ്ലു വില്ലേജിലും ഉൾപ്പെടുന്നു.
വില്ലേജ് ഓഫീസ് വിഭജിച്ച് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ തന്നെ നിലനിർത്തണമെന്ന് ആക്ഷൻകമ്മിറ്റി കലക്ടറോട് ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ഒഴിവു മൂലം വില്ലേജിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായും പറഞ്ഞു.
വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എം എൽ എ റവന്യു മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് വ്യാഴാഴ്ച രാവിലെ കുഡ്ലു വില്ലേജ് ഓഫീസ് സന്ദർശിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസലിൻ്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും കലക്ടറെ കണ്ട് കാര്യങ്ങൾ വിഷദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായനിസാർ കുളങ്കര, പ്രമീള, മെമ്പർമാരായ റാഫി എരിയാൽ , സുലോചന, സമ്പത്ത്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ റഫീഖ് കുന്നിൽ, എ എ.ജലീൽ ,മാഹിൻ കുന്നിൽ, ഹനീഫ് ചേരങ്കൈ , ജാബിർ തുടങ്ങിയവർ സംബന്ധിച്ചു. വില്ലേജ് ഓഫീസർ ജയപ്രകാശ് ആചാര്യ, സ്പെഷൽ വില്ലേജ് ഓഫീസർ വിശ്വനാഥൻ, മറ്റു ജീവനക്കാർ ചേർന്ന് കലക്ടറെ സ്വീകരിച്ചു.ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടും ജലജിവൻ മിഷനുമായി ബന്ധപ്പെട്ടും ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ജനപ്രതിനിധികൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി
Post a Comment