JHL

JHL

ബേക്കൽ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവൽ ടൂറിസം മേഖലയ്ക്ക് കരുത്താകും. സംഘാടകസമിതി യോഗം ചേർന്നു


ബേക്കൽ: വരാനിരിക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവൽ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്താകും. വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുന്നത്. ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം സംഘാടക സമിതി അവലോകനം ചെയ്തു. സമിതിയുടെ വിപുലമായ യോഗം പളളിക്കര ബീച് പാർകിൽ ചേർന്നു. ചെയർമാൻ അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. സംഘാടക സമിതിയുടെയും വിവിധ സബ് കമിറ്റികളുടെയും ഇതുവരെ നടന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റുജനപ്രതിനിധികളും ഫെസ്റ്റിവലിൽ അതിഥികളായി വരും. പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാകും. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടു വരെയാണ് ഫെസ്റ്റ് നടക്കുക. മൂന്ന് സ്റ്റേജുകളിലായി വിപുലമായ കലാപരിപാടികൾ, ബീച് കാര്‍ണിവല്‍, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടക്കും. അഞ്ചുകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടം മുഖേന ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഫെസ്റ്റിവലിന്റെ ടികറ്റ് വിൽപന നടത്തും. ക്യുആർ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റൽ ടികറ്റുകളാണ് വിതരണം ചെയ്യുക. ടികറ്റിന് മുതിർന്നയാൾക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയും ആണ് ഈടാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂത് കോർഡിനേഷൻ വോളന്റീയർമാർ മുഖേന ആയിരിക്കും ടികറ്റുകൾ വിതരണം ചെയ്യുക. ഫെസ്റ്റ് നടക്കുന്ന 10 ദിവസങ്ങളിലെയും ടികറ്റ് തുക ബീച് ഫെസ്റ്റിന്റെ നടത്തിപ്പിലേക്ക് വകയിരുത്താനാണ് സംഘാടകസമിതി തീരുമാനം.

No comments