JHL

JHL

എൻഡോസൾഫാൻ: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ മാപ്പ് പറയണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്


കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ അവഹേളിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ മാപ്പ് പറയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കാസർകോട് ജില്ലയുടെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയത്ത് ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി "മംഗലാപുരത്തും പരിയാരത്തും ചികിത്സാ സൗകര്യമുണ്ട് എന്നും ദുരിതബാധിതർ എത്ര കിട്ടിയാലും മതിയാവാത്തവർ" എന്നുമുള്ള പരാമർശം അങ്ങേയറ്റം ധാർഷ്ട്യം നിറഞ്ഞതും നിരുത്തരവാദപരവുമാണ്. വിളയൊരൽപ്പം കൂട്ടാനായി കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ എന്ന മാരക വിഷം തളിച്ച് ജനങ്ങളെ അരജീവിതങ്ങളാക്കിയതിൽ സർക്കാർ തന്നെയാണ് ഉത്തരവാദി എന്ന കാര്യം എം.എൽ.എ മറക്കരുത്.  "എൻഡോസൾഫാൻ ദുരിതബാധിതർക്ക് അടിയന്തിരാശ്വാസധനമായി അഞ്ച് ലക്ഷം രൂപ രണ്ട് മാസത്തിനകം നൽകുക, രോഗികൾക്ക് ആജീവനാന്ത സൗജന്യ ചികിത്സ നൽകുക, പാലിയേറ്റീവ് കെയർ ആശുപത്രികൾ സ്ഥാപിക്കുക, ശാശ്വത നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ ട്രിബ്യൂണൽ സ്ഥാപിക്കുക ഇവയായിരുന്നു 2010 ഡിസംബറിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവുകൾ

എന്നാൽ എട്ട് ആഴ്ചകൾക്കകം നൽകേണ്ടിയിരുന്ന അടിയന്തിര ആശ്വാസധനം നൽകാൻ പന്ത്രണ്ട് വർഷങ്ങൾ എടുത്തത് തന്നെ സർക്കാരിൻ്റെ പരാജയമാണ്. എൻഡോസൾഫാൻ ഇരകൾക്കും മറ്റുള്ളവർക്കും ചികിത്സക്കാവശ്യമായ സ്പെഷ്യാലിറ്റി ആശുപത്രികളും ജില്ലയിൽ ലഭ്യമല്ല എന്നുള്ളതും എട്ട് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാവാത്ത മെഡിക്കൽ കോളേജും സർക്കാർ ജില്ലയോടും എൻഡോസൾഫാൻ ദുരിതബാധിതരോടും തുടരുന്ന വിവേചനവും അനീതിയുമാണ് വ്യക്തമാക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ശാശ്വത നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ ട്രിബ്യൂണൽ അടിയന്തിരമായി സ്ഥാപിക്കാൻ സർക്കാർ തയ്യാറാവണം. മെഡിക്കൽ കോളേജ് ഉടൻ യാഥാർത്ഥ്യമാക്കണം, അമ്മയും കുഞ്ഞും ആശുപത്രി ഉടൻ പ്രവർത്തനമാരംഭിക്കണം ജില്ലയിലെ ആരോഗ്യരംഗത്ത് അനുഭവിക്കുന്ന അപര്യാപ്തതകൾ പരിഹരിക്കണം. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സന്ദീപ് പെരിയ, റാഷിദ് മുഹിയുദ്ദീൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.എം വാജിദ്, ഇബാദ അഷ്റഫ്, തബ്ഷീർ കമ്പാർ എന്നിവർ സംസാരിച്ചു

No comments