ചെങ്കൽ സമരം രണ്ടാം വാരത്തിലേക്ക് ; നിർമ്മാണ മേഖല സ്തംഭിക്കുന്നു ; നിമ്മാണ തൊഴിലാളികൾ പട്ടിണിയിൽ
3500 ലേറെ തൊഴിലാളികളെ നേരിട്ടും ഇരട്ടിയിലധികം നിർമാണത്തൊഴിലാളികളെ പരോക്ഷമായും ബാധിക്കുന്നതാണ് പ്രശ്നം. കേരള മൈനർ മിനറൽ കൺസഷൻ ചട്ട ഭേദഗതി 2023-ൽ നിലവിൽവന്നശേഷം ചെങ്കൽഖനന മേഖലയിലെ വിഷയങ്ങൾ ചർച്ചചെയ്യാൻ സർക്കാർ സമിതിയെ നിശ്ചയിച്ചെങ്കിലും പരിഹാരം വൈകുകയാണ്.
ദേശീയ ഹരിത ട്രിബ്യൂണൽ 2018-ൽ നൽകിയ നിർദേശത്തെ തുടർന്ന് ചെങ്കൽ ഖനനത്തിന് അനുമതി നൽകിയിരുന്ന ജില്ലാതല സമിതികളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സംസ്ഥാനതല അതോറിറ്റിയാണ് അതിനുശേഷം പാരിസ്ഥിതികാനുമതി നൽകുന്നത്.
ഇതിന് വർഷങ്ങളോളം കാലതാമസമുണ്ടാകുന്നുവെന്നും പെർമിറ്റ് എടുത്ത് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നുമാണ് ചെങ്കൽ ഉത്പാദകരുടെ ആരോപണം. അപേക്ഷ ലഭിച്ചാൽ ചുരുങ്ങിയത് 60 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമാക്കണം.
അതേസമയം സംസ്ഥാനതല അതോറിറ്റിയുടെ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടും ചെങ്കൽ പണ ഉടമകൾ പെർമിറ്റ് എടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് അധികൃതരുടെ വാദം. ചട്ട ഭേദഗതിക്കുശേഷം കൂടിയ റോയൽറ്റി അടക്കേണ്ടതുകാരണം ഖനനം നഷ്ടത്തിലാകുമെന്ന ആശങ്കയാണ് കാരണം.
ജില്ലയിലെ 280 ഓളം ചെങ്കൽ പണകൾ റോയൽറ്റി പ്രശ്നത്തിൽ പെർമിറ്റ് എടുക്കാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനതലസമിതി പാരിസ്ഥിതികാനുമതി നൽകിയ ജില്ലയിലെ 13 ചെങ്കൽ ക്വാറികളും ഇവയിൽപ്പെടുന്നു. പതിച്ചുകൊടുത്ത ഭൂമിയിൽ ഖനനാനുമതി അനുവദിക്കാത്തതും മറ്റൊരു പ്രതിസന്ധിയാണ്.
സ്ഥല ലഭ്യതയെ ഇത് കാര്യമായി ബാധിച്ചതിനാൽ ലീസ് നിരക്ക് കുത്തനെ കൂടി. ഇക്കാര്യത്തിൽ ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി നിയമം വീണ്ടും പരിഷ്കരിച്ച് സർക്കാർ അടുത്തിടെ വിജ്ഞാപനംചെയ്തത് ഉത്തരവായി ഉടൻ പ്രാബല്യത്തിൽവരുമെന്നതാണ് ആശ്വാസം.
കൺസോളിഡേറ്റഡ് പേയ്‌മെന്റ് സിസ്റ്റം (സി.ആർ.പി.എസ്.) നിർത്തലാക്കിയത് ഖനനപ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമുണ്ടാക്കിയതായി ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം പറയുന്നു.
എന്നാൽ സി.ആർ.പി.എസ്. അശാസ്ത്രീയമാണെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങളിൽനിന്ന് നീക്കംചെയ്തിട്ടുള്ളതിനാൽ പുനഃസ്ഥാപിക്കുക സാധ്യമല്ലെന്നാണ് അധികൃതരുടെ വാദം.
റോയൽറ്റി പുതുക്കിനിശ്ചയിക്കുന്നതിന് മുൻപ് 10 ആർസ് സ്ഥലത്തിന് കൺസോളിഡേറ്റഡ് റോയൽറ്റിയായി 75,000 രൂപയാണ് ഒടുക്കിയിരുന്നത്.
കൺസോളിഡേറ്റഡ് പെയ്‌മെന്റ് മാറ്റിയ സാഹചര്യത്തിൽ ശരാശരി നാല് മീറ്റർ ആഴത്തിൽ ഖനനം നടത്തിയാൽ നാലായിരം ക്യൂബിക് മീറ്റർ കല്ല് ലഭ്യമാകുമെന്ന നിലയിൽ 4.80 ലക്ഷം രൂപയാണ് റോയൽറ്റി കണക്കാക്കുക.
ഇതിൽ 40 ശതമാനം വേയിസ്റ്റേജ് നിലനിർത്തി കുറവുചെയ്താൽ തന്നെ ചുരുങ്ങിയത് 2.88 ലക്ഷം രൂപ ഒടുക്കേണ്ടിവരും. 40 ശതമാനം വരെ വെയിസ്റ്റേജ് കുറവുചെയ്ത് ഏകദേശം ടണ്ണിന് 32 രൂപ റോയൽറ്റി നിരക്ക് അനുവദിക്കണമെന്ന് ബന്ധപ്പെട്ട സമിതി മുൻപാകെ ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തീരുമാനം വന്നിട്ടില്ല.
ഖനനത്തിന് മേൽമണ്ണ് നീക്കാനും പാറ നിരപ്പാക്കാനുമായി മൂന്നുമീറ്റർ മേൽഭാഗത്തുനിന്ന് വേയ്സ്റ്റേജായി കണക്കാക്കി ബാക്കി അളവ് നിശ്ചയിക്കണമെന്നും ഉടമസ്ഥ സംഘം ചൂണ്ടിക്കാട്ടുന്നു. കരിങ്കല്ലിന് തുല്യമായി ഒരു ക്യൂബിക് മീറ്റർ ചെങ്കല്ല് 2.5 ടൺ ആണെന്നുള്ള പരമ്പരാഗത രീതി പുനഃപരിശോധിക്കുകയും ചെങ്കല്ലിന്റെ ബൾക്ക് ഡെൻസിറ്റി നിശ്ചയിക്കുകയുംവേണം.
ക്വാറിയിങ് പെർമിറ്റ് കിട്ടുന്നവർ ഖനനാനുമതി ലഭിച്ച് ആദ്യ മൂവ്മെന്റ് പെർമിറ്റിന് അപേക്ഷിക്കുന്നതിന് മുൻപായി രണ്ടുലക്ഷം രൂപയുടെ ഫിനാൻഷ്യൽ ഗാരെന്റി ഹാജരാക്കണമെന്ന് ചട്ടം 13-ൽ വ്യവസ്ഥയുണ്ട്.
കൃത്യമായി മൈൻ ക്ളോഷർ പ്ലാൻ സമർപ്പിച്ച് വ്യവസ്ഥകൾ പൂർത്തിയാക്കുന്നവർക്ക് പലിശയടക്കം ഗാരെന്റി തുക തിരിച്ചുനൽകുന്നതാണ് ഈ വ്യവസ്ഥ. എന്നാൽ, കൃഷിഭൂമിയാക്കി മാറ്റുന്നതിനുവേണ്ടി ചെങ്കൽഖനനം നടത്തുന്നതിനാൽ കൃഷിഭൂമിയാക്കി മാറ്റും എന്ന സത്യവാങ്മൂലം മാത്രം വാങ്ങി ബാങ്ക് ഗ്യാരന്റി ഒഴിവാക്കണമെന്നാണ് ഉത്പാദകരുടെ ആവശ്യം.
ചെങ്കൽ ഖനന പെർമിറ്റിന് അനുമതി ലഭിക്കുന്നതിന് മുൻപായി സ്ഥലമുടമയുമായി കരാർ രജിസ്റ്റർചെയ്യണമെന്നാണ് ചട്ടഭേദഗതിയിലെ മറ്റൊരു ഉപാധി. ചെങ്കൽ ഖനനം ഒരുസ്ഥലത്ത് ചെറിയ കാലയളവിൽ മാത്രമേ ഉണ്ടാകൂ എന്നതിനാലും രജിസ്ട്രാർ ഓഫീസിൽവന്ന് രജിസ്റ്റർചെയ്തുതരാൻ സ്ഥലമുടമകൾ വിമുഖതകാണിക്കുന്നതിനാലും മുൻപ് സ്വീകരിച്ചിരുന്നതുപോലെ നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം രേഖയായി കണക്കാക്കണമെന്നാണ് ചെങ്കൽ ഉടമസ്ഥ സംഘത്തിന്റെ നിലപാട്.
മുൻ ചട്ടങ്ങളിലെ സങ്കേതികമായ അപര്യാപ്തയെ മറികടക്കാനുള്ള ഭേദഗതിയിൽ മാറ്റം നിർദേശിക്കുവാൻ പക്ഷേ, ഉദ്യോഗസ്ഥർ യോജിക്കുന്നില്ല.
ചെങ്കൽ മൂവ്മെന്റ് പെർമിറ്റുകൾക്കും പാസുകൾക്കും മലപ്പുറം മോഡലിൽ ഓൺലൈൻ സംവിധാനം നടപ്പാക്കാൻ ശ്രമം നടന്നെങ്കിലും ഫലിക്കാത്ത സ്ഥിതിയാണ്. ഒരു മാസമോ ആറുമാസമോ ചെയ്യുന്ന പ്രവൃത്തിയായതിനാൽ വ്യവസായ സ്ഥാപനങ്ങളിലേതുപോലെ കംപ്യൂട്ടറും മറ്റുസംവിധാനങ്ങളും ഏർപ്പെടുത്താൻ പറ്റില്ലെന്നും ഗ്രാമങ്ങളിലെ ഇന്റർനെറ്റ് ലഭ്യതക്കുറവ് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് ചെങ്കൽ ഉടമസ്ഥസംഘത്തിന്റെ പക്ഷം.
മൈനിങ് ആൻഡ് ജിയോളജി വകുപ്പും റവന്യൂ വിഭാഗവും പിടിച്ചെടുക്കുന്ന വാഹനങ്ങളെ പിഴയടച്ചാലും വിട്ടുകിട്ടാൻ മാസങ്ങളോളം കാലതാമസം ഉണ്ടാകുന്നുവെന്നാണ് ആരോപണം.
സ്ക്വാഡ് ക്വാറി അളക്കുമ്പോൾ മുൻ കാലങ്ങളിൽ വെട്ടിപ്പോയ ഭാഗം കൂടി ചേർത്ത് അളക്കുന്നതും വെയ്‌സ്റ്റേജ് കണക്കാക്കാത്തതും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാക്കുന്നുവെന്ന് ഉടമസ്ഥ സംഘം പറയുന്നു. ഇത്തരത്തിൽ ലക്ഷകണക്കിന് രൂപ അടക്കാൻ നോട്ടീസ് ലഭിച്ചവർക്ക് മുൻപിൽ പരിഹാരവഴികളില്ല.
പണ തുടങ്ങുമ്പോൾ ഒരുസ്ഥലത്തുനിന്നും എത്ര ചെങ്കല്ല് കിട്ടുമെന്ന് മുൻകൂട്ടി നിർണയിക്കുക സാധ്യമല്ല. നിർഭാഗ്യവശാൽ ചെങ്കൽ ലഭ്യത കുറഞ്ഞാൽ മുന്നൊരുക്കത്തിന് ചെലവാക്കിയ തുക പാഴാകുമെന്നും ഇവർ പറയുന്നു.
Post a Comment