ജി വി എച് എസ് എസ് മൊഗ്രാൽ -"സസ്നേഹം സഹപാഠിക്ക് " വീടൊരുങ്ങി; മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾക്കുള്ള വീട് മന്ത്രി വി അബ്ദുൽ റഹ്മാൻ ഇന്ന് കൈമാറും
മൊഗ്രാൽ(www.truenewsmalayalam.com) : "സസ്നേഹം സഹപാഠിക്ക് ''എന്ന പദ്ധതിയിലൂടെ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക സൃഷ്ടിക്കുകയാണ് മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
ഇവർ സ്വരൂപിച്ചെടുത്ത നാണയത്തുട്ടുകൾ കൊണ്ട് മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ 3 സഹപാഠികൾക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ ഒരുക്കിയ വീടിന്റെ കൈമാറ്റ ചടങ്ങ് ഇന്ന് (12/09/24) വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
സംസ്ഥാന സ്പോർട്സ്-യുവജന കാര്യ വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ ഉദ്ഘാടന കർമ്മം നിർവഹിക്കും.
മൊഗ്രാൽ പെർവാഡിൽ 11 ലക്ഷം രൂപ ചിലവിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്, 2023-24 അധ്യയനവർഷത്തിൽ സ്കൂൾ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു "സസ്നേഹം സഹപാഠിക്ക്''. വീടൊരുക്കാനുള്ള തീരുമാനം വന്നതോടെ എല്ലാദിവസവും മിഠായി ഉപേക്ഷിച്ച് വിദ്യാർത്ഥികൾ ആ പൈസ ക്ലാസ് അധ്യാപകനെ ഏൽപ്പിച്ചു കൊണ്ടാണ് വലിയൊരു തുക ഈ പദ്ധതിക്കായി സമാഹരിച്ചത്.
ഇത് സഹപാഠിക്കായുള്ള വലിയൊരു മാതൃകാ പ്രവർത്തനമായിരുന്നു, ഒപ്പം സമൂഹത്തിന് നൽകുന്ന നല്ലൊരു സന്ദേശവും.
ഒരു പൊതു വിദ്യാലയത്തിന് കീഴിൽ നാടുമുഴുവൻ മഹത്തായ ഒരു പദ്ധതിക്ക് വേണ്ടി കൈകോർക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. രക്ഷിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും, സന്നദ്ധ സംഘടനകളും, അധ്യാപകരും,പിടിഎയും, എസ്എംസിയും കൂടി കൈകോർത്തപ്പോൾ പദ്ധതി പൂർത്തീകരണം എളുപ്പത്തിലായി.
മഞ്ചേശ്വരം എംഎൽഎ എ കെഎം അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഇമ്പശേഖർ, കാളിമുത്തു ഐഎഎസ് എന്നിവർ മുഖ്യാതിഥികളായി സംബന്ധിക്കും.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്,മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് പിടിഎ -എസ്എംസി- സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
Post a Comment