JHL

JHL

മുഹമ്മദ് റിയാസിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു ; നാവിക സേനയുടെ തെരച്ചിൽ ഇന്നും തുടരും

ചെമ്മനാട് : കഴിഞ്ഞ 31-ന് കീഴൂർ കടപ്പുറം ചെറുതുറമുഖത്ത് ചൂണ്ട ഇടുന്നതിനിടയിൽ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ (36) കണ്ടെത്താൻ ഇന്ത്യൻ നാവികസേനയുടെ സ്കൂബ ഡൈവിങ് സംഘം വ്യാഴാഴ്ച തിരച്ചിൽ നടത്തി. കൊച്ചിയിൽനിന്നെത്തിയ ആറംഗസംഘം രാവിലെ എട്ടരമുതൽ ഉച്ചയ്ക് ഒന്നരവരെ ഡിങ്കിബോട്ടിൽ ചന്ദ്രഗിരിപ്പുഴയിലും അഴിമുഖത്തും തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്തിയില്ല.

സോണാർ ഉപയോഗിച്ച് തീരക്കടലിന്‍റെ അടിത്തട്ടിലുള്ള വസ്തുക്കളെ ആദ്യം കണ്ടെത്തുകയും അതിൽ സംശയം തോന്നുന്ന സ്ഥലത്ത് മുങ്ങി പരിശോധിക്കുന്നരീതിയാണ് നാവികസേന അവലംബിച്ചത്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ ആഴിമുഖത്തും തീരക്കടലിലും തിരച്ചിൽ തുടരുമെന്ന് സംഘത്തിലുള്ള മലയാളിയായ വാസുദേവൻ‌ പറഞ്ഞു.ഇതിന് സമാന്തരമായി ഫിഷറീസ്‌വകുപ്പിന്‍റെ നിരീക്ഷണ ബോട്ട് വ്യാഴാഴ്ച രാവിലെ കീഴുർ അഴിമുഖത്തുനിന്ന്‌ കണ്ണൂർ ഭാഗത്തേക്ക്‌ കടലിൽ തിരച്ചിൽ നടത്തി. കണ്ണൂർ ഫിഷറീസിന്റെ ബോട്ട് എഴിമല ഭാഗത്തുനിന്ന്‌ തലശ്ശേരി ഭാഗത്തേക്ക്‌ പോയെങ്കിലും ഒന്നും കണ്ടെത്താൽ കഴിഞ്ഞില്ല.

തിരച്ചിലിനിറങ്ങിയ ബോട്ടുകളിലുള്ളവർക്കും ഈ ഭാഗത്ത് ജോലിക്കിറങ്ങിയ മീൻപിടിത്ത തൊഴിലാളികൾക്കും വയർലെസ് വഴി തിരച്ചിൽ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അഴിമുഖത്ത് തിരച്ചിൽ നടക്കുന്ന സ്ഥലവും മുഹമ്മദ് റിയാസിന്‍റെ വീടും സന്ദർശിച്ചു.

റവന്യുവകുപ്പും പോലീസും അഗ്നിരക്ഷാസേനയും തീരദേശ പോലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും ഇതുവരെ നടത്തിയ തിരച്ചിൽ ഫലം കാണതെപോയി. കർണാടകയിലെ മുങ്ങൽവിദഗ്‌ധൻ ഈശ്വർ മൽപ്പെയും ബുധനാഴ്ച സംശയമുള്ള പ്രദേശത്ത് മുങ്ങിത്തപ്പിയിരുന്നു.



No comments