JHL

JHL

ആദ്യം ഒരു ഗോളിന് പിന്നില്‍, പിന്നെ രണ്ടെണ്ണം തിരിച്ചടിച്ചു; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം കരസ്ഥാമാക്കി മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. നോഹ സദൂയി, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് തിരുവോണ നാളില്‍ ഇതേ സ്‌കോറിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.ബ്ലാസ്‌റ്റേഴ്‌സ് - ഈസ്റ്റ് ബംഗാള്‍ മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആവേശകരമായിരുന്നുവെങ്കിലും ഗോള്‍ മാത്രം കൊച്ചിയിലെ ആദ്യപകുതിയില്‍ അകന്നുനിന്നു. രണ്ട് ടീമുകളും ആക്രമിച്ച് മുന്നേറുകയായിരുന്നു. ഒടുവില്‍ 59ാം മിനിറ്റില്‍ മലയാളി താരം പി.വി വിഷ്ണുവിന്റെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയപ്പോള്‍ ഗ്യാലറികള്‍ നിശബ്ദമായി. എന്നാല്‍ ബംഗാളിന്റെ ആഹ്ലാദത്തിന് വെറും നാല് മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.63ാം മിനിറ്റില്‍ തകര്‍പ്പന്‍ ഒരു ഗോളിലൂടെ മൊറോക്കന്‍ താരം നോഹ സദൂയി കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിയ ഘട്ടത്തില്‍ ക്വാമി പെപ്ര ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കി വല കുലുക്കി. തകര്‍പ്പന്‍ ഗോളിലൂടെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു താരം. 88ാം മിനിറ്റിലായിരുന്നു പെപ്രയുടെ ഗോള്‍ വീണത്. സീസണില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ജയവും ഒരു തോല്‍വിയും സഹിതം മൂന്ന് പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

No comments