ഗതാഗത തടസ്സത്തിൽ പോലീസ് ഇടപെടൽ:ബസ്സുകൾ ബസ് സ്റ്റോപ്പിൽ മാത്രം നിർത്തണം
മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ ബസ്റ്റോപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ ബസ്സുകൾ നിർത്തിയിടാവൂ എന്ന് കുമ്പള സിഐ വിനോദ് കുമാർ. ഇവിടത്തെ യാത്ര ദുരിതം ഒഴിവാക്കാൻ പോലീസ് ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഇന്നലെ നൽകിയ പരാതിയിലാണ് ഇന്ന് പോലീസ് ഇടപെടലുണ്ടായത്.സി ഐ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവിടെ പോലീസിനെയും നിയമിച്ചിട്ടുണ്ട്.
ഇടുങ്ങിയ സർവീസ് റോഡിൽ ആളുകളെ ഇറക്കാനും,കയറ്റാനും ബസ്സുകൾ ഒതുക്കി ഇടേണ്ടതുണ്ട്. എന്നാൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ പലപ്പോഴും അടിപ്പാതയ്ക്ക് സമാനമായി റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. സ്കൂൾ സമയമായാൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ കയറ്റാനും,ഇറക്കാനും സമയമെടുക്കുകയും ചെയ്യുന്നു. ഇത് വലിയ ഗതാഗത സ്തംഭനത്തിന് കാരണമാവുന്നുവെന്ന് പരാതിയിൽ ദേശീയവേദി ചൂണ്ടികാട്ടിയിരുന്നു.
മൊഗ്രാൽ ടൗണിന് തൊട്ടടുത്താണ് മൊഗ്രാൽ വൊ ക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഇവിടെ 2,500ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അടിപ്പാത വഴിയാണ് ഏറെയും കുട്ടികൾ സ്കൂളിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഗതാഗത തടസ്സവും അപകടവും ഒഴിവാക്കാൻ സ്ഥിരമായി പോലീസിന്റെ സേവനം വേണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരിരുന്നു.
Post a Comment