JHL

JHL

പോലീസ് നടപടി ശക്തമാക്കുമ്പോഴും കുമ്പളയിൽ ഓട്ടോ പാർക്ക് നടപ്പാതയിൽ തന്നെ


കുമ്പള(www.truenewsmalayalam.com) : നടപ്പാതകളിൽ വാഹനങ്ങൾ ഓടിക്കുന്നതിനും, പാർക്ക് ചെയ്യുന്നതിനും കേരള പോലീസ് കർശന നടപടി സ്വീകരിക്കുമ്പോഴും കുമ്പളയിൽ ഓട്ടോ പാർക്ക് നടപ്പാതയിൽ തന്നെ.

 കാൽനടയാത്രക്കാർക്ക് പ്രയാസം ഇല്ലാതെ യാത്ര ചെയ്യാനും, അപകടങ്ങൾ കുറക്കാനുമാണ് പോലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്. നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഓടിച്ചു പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് കഴിഞ്ഞദിവസം പോലീസ് ഇത്തരം വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

 നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. ഇതിലൂടെ വാഹനങ്ങൾ നിർത്തിയിടുന്നതും ഓടിച്ചു പോകുന്നതും ഇന്റർലോക്ക് ടൈലുകൾ തകരുന്നതിന് കാരണമാവുന്നതായിട്ടാണ് പരാതി.

 കുമ്പളയിൽ ഓട്ടോകളുടെ ബാഹുല്യവും, സ്ഥലസൗകര്യമി ല്ലായ്മയുമാണ് ടൗണിൽ ഓട്ടോകൾ പലപ്പോഴും നടപ്പാത കൈയേറി പാർക്ക് ചെയ്യുന്നത്. ഇത് കാൽനടയാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്.

 ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് കെഎസ്ടിപി റോഡ് നിർമ്മാണ കമ്പനി അധികൃതർ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് ഫുട്പാത്തുകൾ നിർമ്മിച്ചു നൽകിയത്. ഇപ്പോഴും നടപ്പാതകൾ പലയിടത്തും പകുതി വഴിയിലുമാണുള്ളത്. ചിലയിടത്ത് ഫുട്പാത്ത് കയ്യേറി  തെരുവു കച്ചവടവും പൊടിപൊടിക്കുന്നുണ്ട്.

 ഫുട്പാത്ത് കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുകയോ, വാഹനങ്ങൾ ഓടിച്ചു പോവുകയോ ചെയ്യുകയാണെങ്കിൽ പൊതുജനങ്ങൾക്ക് വാട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാവുന്നതാണെന്ന് കേരള പോലീസ് അറിയിച്ചിട്ടുണ്ട്. 9747001099 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ, തീയതി, സമയം,സ്ഥലം,ജില്ല എന്നിങ്ങനെ പരാതി യോടൊപ്പം അറിയിച്ചിരിക്കണം.

No comments