മന്ത്രി വി അബ്ദുൽ റഹ്മാന് ദേശീയ വേദിയുടെ നിവേദനം
മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയ- അന്തർദേശീയ മോട്ടോർ സ്പോർട്സ് രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ജൈത്രയാത്ര തുടരുകയും, മത്സരിച്ച കാർ റാലികളിലൊക്കെ വിജയക്കൊടി പാറിച്ച് മെഡലുകളും, ട്രോഫികളും വാരിക്കൂട്ടുകയും, ലിംക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും,രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന്റെ നോമിനേഷന് പരിഗണിക്കുകയും ചെയ്ത ജില്ലയുടെ അഭിമാന താരം മൊഗ്രാൽ പെർവാഡ് സ്വദേശി മൂസ ഷരീഫിനും, കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി മൊഗ്രാൽ കണ്ടത്തിൽ പള്ളി കുളത്തിൽ സൗജന്യമായി നീന്തൽ പരിശീലനം നടത്തിവരികയും, ഈ കാലയളവിൽ 3,500 ലേറെ കുട്ടികൾക്ക് നീന്തൽ പരിശീലനം ലഭ്യമാക്കുകയും ചെയ്ത മൊഗ്രാലിന്റെ അനുഗ്രഹീത കലാകാരൻ കൂടിയായ എം എസ് മുഹമ്മദ് കുഞ്ഞിക്കും സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് അർഹിക്കുന്ന അംഗീകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികളുടെ നേതൃത്വത്തിൽ സംസ്ഥാന സ്പോർട്സ്- യുവജനകാര്യ വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാന് നിവേദനം നൽകി.
മൊഗ്രാലിൽ സംസ്ഥാന സർക്കാർ സ്പോർട്സ് വകുപ്പിന് കീഴിൽ ആധുനിക സൗകര്യത്തോടു കൂടിയുള്ള നീന്തൽകുളം പദ്ധതി അനുവദിച്ച് എംഎസ് മുഹമ്മദ് കുഞ്ഞിയെ പരിശീലകനാക്കി അദ്ദേഹത്തിന് സർക്കാർ അംഗീകാരം ലഭ്യമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ, സെക്രട്ടറി എംഎ മൂസ, ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് അബ്ക്കോ, എംജിഎ റഹ്മാൻ, ജോ. സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗം എം.എം റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്. നിവേദനം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ദേശീയവേദി ഭാരവാഹികൾക്ക് മന്ത്രി ഉറപ്പു നൽകി.
Post a Comment