സ്കൂൾ വിദ്യാർഥികളുടെ ഓണാഘോഷ പരിപാടികൾ ആഭാസത്തിലേക്കെന്ന് സൂചന; റിസോർട്ടുകൾ പലതും ബുക്ക് ചെയ്തായും വിവരം
കുമ്പള(www.truenewsmalayalam.com) : ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും പൊന്നോണംആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക മലയാളികൾ.
കുടുംബവുമൊത്ത് ഓണം കൂടാൻ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും മലയാളികൾ നമ്മുടെ നാടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
തിരുവോണത്തിന് ഒരാഴ്ച മാത്രമാണുള്ളത്.
തിങ്കളാഴ്ചയിലെ പരീക്ഷയ്ക്ക് ശേഷം ഓണാവധിക്ക് സ്കൂളുകൾ അടച്ചിടും.
ആഘോഷത്തിമർപ്പിലേക്ക് നാടു നീങ്ങുമ്പോൾ മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കളിൽ ആശങ്കയ്ക്കിടയാക്കുന്നു.
കഴിഞ്ഞ ഒന്ന് രണ്ട് വർഷമായി വിവിധ സ്കൂളുകളിൽ പതിവില്ലാത്ത വിധം ഓണാഘോഷ പരിപാടികൾ ആഭാസമാക്കുന്ന വാർത്തകളാണ് കേൾക്കാനിടയായത്.
കുട്ടികളുടെ നേതൃത്വത്തിൽ ഇത്തവണത്തെ ഓണാഘേഷ പരിപാടികൾ അതിര് കവിഞ്ഞ ആഘോഷത്തിലേക്ക് ചെന്നെത്താൻ സാധ്യതയെന്നാണ് വിവരം.
അധ്യാപകരും രക്ഷിതാക്കളും അറിയാതെ ഓണഘോഷമെന്ന പേരിൽ വിവിധ റിസോർട്ടുകൾ കുട്ടികളുടെ നേതൃത്വത്തിൽ ബുക്ക് ചെയ്തതായാണ് ലഭിക്കുന്ന വിവരം.
മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള റിസോർട്ടുകൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ അഡ്വാൻസ് തുക നൽകിയതായി പറയുന്നു.
ഇതു സംബന്ധിച്ച് കുമ്പളയിലെ ഒരു സ്കൂൾ വിദ്യാർഥിനിയുടെ വാട്സ് ആപ്പ് സന്ദേശം പുറത്ത് വന്നിരുന്നു.
റിസോർട്ടിലെ പരിപാടിക്ക് വരാൻ ഉമ്മ സമ്മതിക്കുന്നില്ലെന്നായിരുന്നു ആൺ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പെൺകുട്ടി പറയുന്നത്
പല രക്ഷിതാക്കളുടെയും അറിവും സമ്മതവുമില്ലാതെയാണ് സ്കൂളുകളിൽ നിന്ന് പുറത്തേക്ക് ഓണാഘോഷ പരിപാടികൾ മാറ്റാൻ നീക്കം നടക്കുന്നത്.
ഇത്തരത്തിലുള്ള പരിപാടികൾ നടത്താനുള്ള സാധ്യത മുന്നിൽ കണ്ട് രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.
ഇത്തരം ഒത്തുചേരലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിവെക്കുമെന്നതിനാൽ
രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, വീട്ടിലെ വാഹനങ്ങൾ കൊണ്ടു പോകുന്നതിൽ നിന്നും കുട്ടികളെ വിലക്കണമെന്നും സ്കൂൾ അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷം അംഗഡിമുഗർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്ലസ്ടു വിദ്യാർഥിയുടെ മരണം സംഭവിക്കുന്നത്.
ഫറാസ് ഓടിച്ചിരുന്ന കാർ പൊലിസ് പിന്തുടർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ടാണ് ഫറാസ് മരിച്ചത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്.
കുമ്പളയിൽ കാറിടിച്ച് തെറിപ്പിച്ച് ഒരു മധ്യവയസ്കൻ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയായതും ഓണാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർഥി കറോടിച്ചതിനെ തുടർന്നായിരുന്നു.
ഓണാഘോഷത്തിനായി സ്കൂളിന് പുറത്തെ കൂടിച്ചേരലുകൾ ഒഴിവാക്കാൻ നാട്ടിലെ വായനശാലകൾ, ക്ലബ്ബുകൾ, മറ്റു സന്നദ്ധ സംഘടനകൾ നടത്തുന്ന പരിപാടികളിൽ തങ്ങളുടെ മക്കളെ കൂടി പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾ സന്നദ്ധരാകണമെന്നാണ് അധ്യാപകരും മറ്റും പറയുന്നത്.
Post a Comment