JHL

JHL

സിപിഎം സ്ഥാനാർഥി പ്രഖ്യാപനം 11ന്; പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചേക്കില്ല




 



തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് രാവിലെ പതിനൊന്നിന് പ്രഖ്യാപിക്കും. ദേവികുളം ഉള്‍പ്പടെ രണ്ടോ മൂന്നോ സീറ്റുകളിലെ ഒഴികെയുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് പ്രഖ്യാപിക്കുക. പൊന്നാനിയില്‍ പ്രാദേശികമായ എതിര്‍പ്പ് ശക്തമാണെങ്കിലും പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. 

കഴിഞ്ഞതവണ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ദേവികുളം, മഞ്ചേശ്വരം, മലപ്പുറത്തെ ഒരു സീറ്റ് എന്നിവയിൽ എതിരാളി ആരെന്ന് അറിഞ്ഞശേഷം സ്ഥാനാർഥികളെ തീരുമാനിക്കാനാണ് ആലോചന. തരൂരില്‍ എ.കെ.ബാലന്‍റെ ഭാര്യ പി.കെ.ജമീലയെ ഒഴിവാക്കിയതാണ് സ്ഥാനാര്‍ഥി നിര്‍ണയ നടപടിക്രമങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ മാറ്റം.

അരുവിക്കരയില്‍ ജില്ലാ നേതൃത്വം നിര്‍ദേശിച്ച വി.കെ.മധുവിന് പകരം ജി.സ്റ്റീഫനെയും എറണാകുളത്ത് യേശുദാസ് പറപ്പിള്ളിക്ക് പകരം ഷാജി ജോര്‍ജിനെയും സംസ്ഥാന നേതൃത്വം നിശ്ചയിച്ചു. പ്രാദേശിക തലത്തില്‍ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും പൊന്നാനിയില്‍ പി.നന്ദകുമാറിനെ തന്നെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാനനേതൃത്വം.

കളമശേരി, ആലപ്പുഴ, അമ്പലപ്പുഴ, കോങ്ങാട് സീറ്റുകളുടെ കാര്യത്തിലും പ്രാദേശികമായ അതൃപ്തിയുണ്ട്. രണ്ടുടേമെന്ന നിബന്ധനയിലും ആര്‍ക്കും ഇളവില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ നാലുപേര്‍ക്ക് സ്ഥാനാര്‍ഥികളാകാന്‍ ഇളവ് നല്‍കി.

നിലവിലെ സ്ഥാനാര്‍ഥി പട്ടികയില്‍ എന്തെങ്കിലും മാറ്റം വരണമെങ്കില്‍ അത് പൊളിറ്റ് ബ്യൂറോയാണ് തീരുമാനിക്കേണ്ടത്. പതിനൊന്ന് വനിതകളും യുവജന സംഘടനകളില്‍ നിന്ന് 12 പേരും പട്ടികയില്‍ ഇടംനേടി. എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റിനും സെക്രട്ടറിക്കും ഇത്തവണ സീറ്റില്ല.


No comments