JHL

JHL

വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ കാമുകനുൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ






മംഗളുരു (www.truenewsmalayalam.com):   കഴുത്തിൽ കുരുക്കുമായി 17 വയസുകാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ ഉള്ളാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടോളി സ്വദേശി യതിൻ രാജ്, ആശ്രയ കോളനിയിലെ സൗരഭ്, സുഹാൻ എന്നിവരാണ് കസ്റ്റഡിയിലായത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഉള്ളാൾ കുംപളയിലെ വീട്ടിൽ പ്രേക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

പ്രേക്ഷ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ മൂന്ന് പേർ വീട് സന്ദർശിച്ചതായി പരിസരവാസികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. യതിൻ രാജ് പ്രേക്ഷയുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഇവർ മരണത്തിൽ നേരിട്ട് ഉത്തരവാദികളാണോ അതോ ആത്മഹത്യ ചെയ്യാൻ നിർബന്ധിച്ചതാണോ എന്ന കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രേക്ഷയുടെ കുടുംബത്തിന് അയൽവാസികളുമായി ബന്ധങ്ങൾ കുറവായിരുന്നു.

മംഗളൂരു സിറ്റി പൊലീസ് കമീഷണർ ശശി കുമാർ സംഭവസ്ഥലം സന്ദർശിച്ച് പ്രേക്ഷയുടെ അമ്മയുമായി 30 മിനിറ്റോളം സംസാരിച്ചു. മകളുടെ മരണം ആദ്യം ആത്മഹത്യ ആണെന്ന് തോന്നിയതായി അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെംഗളൂരുവിൽ പോകുവാൻ പ്രേക്ഷ തീരുമാനിച്ചിരുന്നെന്നും എന്നാൽ ദിവസങ്ങളോളമായി അസുഖം ബാധിച്ചതിനാൽ അതിന് താൻ എതിരായിരുന്നുവെന്നും അവർ പറഞ്ഞു.

ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലം സന്ദർശിച്ച് സാംപിളുകൾ ശേഖരിച്ചു. ഉള്ളാൾ പൊലീസ് ഇൻസ്പെക്ടർ സന്ദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിനു പിന്നിൽ കഞ്ചാവ് ലോബിയാണെന്ന നിഗമനത്തിൽ ഇക്കാര്യവും പൊലീസ് അന്വേഷിച്ചു വരുന്നു. കെ എസ് എച് എം എ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോർടെം ചെയ്‌തു.


No comments